പ്രളയം തടയാനായി നദിയുടെ കൈവരിയില്‍ വലിയ മാറ്റം വരുത്തി; കര്‍ഷകന് തടവ് ശിക്ഷയും പിഴയും

ലണ്ടന്‍: വെള്ളപ്പൊക്കം തടയാനെന്ന പേരില്‍ നദിയുടെ കൈവരിയില്‍ വലിയ രീതിയില്‍ മാറ്റം വരുത്തുകയും മരങ്ങള്‍ വെട്ടുകയും ജൈവ വൈവിധ്യത്തിന് സാരമായ കേടുപാടുകള്‍ വരുത്തുകയും ചെയ്ത കര്‍ഷകന് തടവ് ശിക്ഷ വിധിച്ച് കോടതി. ഇംഗ്ലണ്ടിലെ പ്രധാന നദികളിലൊന്നായ ജെറമി നദിയുടെ കൈവരികളിലൊന്നിലാണ് 68കാരനായ ജോണ്‍ പ്രൈസ് എന്ന കര്‍ഷകന്‍ പ്രളയ സംരക്ഷണത്തിന്റെ പേരില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കൈവരിയുടെ വശങ്ങളിലുള്ള മരങ്ങള്‍ വെട്ടിമാറ്റുകയും കൈവരിയിലെ വെള്ളക്കെട്ടിന് കാരണമായ തടസങ്ങള്‍ വലിയ ബുള്‍ഡോസറുകളും ഡ്രെഡ്ജറുകളും ഉപയോഗിച്ചാണ് ജോണ്‍ പ്രൈസ് നീക്കം ചെയ്തത്. ഒരു മൈലോളം നീളത്തിലാണ് ഇയാള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്തതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 12 ലക്ഷം പിഴയടയ്ക്കുന്നതിനൊപ്പം ഒരു വര്‍ഷത്തെ തടവുമാണ് കോടതി ശിക്ഷ വിധിച്ചിട്ടുള്ളത്.

നദിയുടെ കൈവരി പഴയത് പോലെ പുനരുജ്ജീവിപ്പിക്കാനും കോടതി ചെലവിനുമാണ് ഈ തുക ചെലവിടുകയെന്നും കോടതി വ്യക്തമാക്കി. പരിസ്ഥിയുടെ ആവാസ വ്യവസ്ഥയെ വ്യാവസായിക അടിസ്ഥാനത്തില്‍ നശിപ്പിച്ചതിനാണ് നടപടി. മരങ്ങള്‍ വശങ്ങളില്‍ നിറഞ്ഞ പരമ്പരാഗത കൈവരിയിലെ 71ഓളം മരങ്ങള്‍ പൂര്‍ണമായി വെട്ടിമാറ്റുകയും 24 മരങ്ങള്‍ വീഴ്ത്തിയ നിലയിലുമാണുള്ളത്. ഈ മരങ്ങള്‍ മേഖലയിലെ ജൈവ വൈവിധ്യം ഉറപ്പാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിരുന്നവയാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ വിശദമാക്കുന്നത്. 2020 ഡിസംബറിലാണ് വ്യാപക രീതിയിലെ നാശനഷ്ടമുണ്ടാക്കിയത്. മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ എല്ലാ വര്‍ഷവുമുണ്ടാകുന്ന വെള്ളപ്പൊക്കം തടയാനായാണ് മരങ്ങള്‍ വെട്ടുകയും നദിയിലെ മാലിന്യങ്ങളും മറ്റും നീക്കി വെള്ളമൊഴുകി പോവാനുള്ള സംവിധാനവും ഒരുക്കിയതെന്നാണ് ജോണ്‍ പ്രൈസ് കോടതിയെ അറിയിച്ചത്. 7ല്‍ അധികം കുറ്റങ്ങളാണ് കര്‍ഷകനെതിരെ തെളിഞ്ഞിട്ടുള്ളത്. ഒരു വര്‍ഷത്തെ തടവിന് പുറമേ മൂന്ന് വര്‍ഷത്തേക്ക് കമ്പനി ഡയറക്ടര്‍ എന്ന പദവി വഹിക്കുന്നതിനും ജോണ്‍ പ്രൈസിനെ കോടതി വിലക്കിയിട്ടുണ്ട്.

കൈവരിയ്ക്കുണ്ടായ നാശം മൂലം നദിയിലുണ്ടായ നാശ നഷ്ടത്തിനുള്ള നഷ്ടപരിഹാരത്തുക 12 മാസത്തിനുള്ളില്‍ പ്രൈസ് കെട്ടിവയ്ക്കണമെന്നും കോടതി വ്യക്തമാക്കി. ജോണ്‍ പ്രൈസ് ചെയ്തത് ശരിയായ കാര്യമാണെന്നും തങ്ങള്‍ക്ക് വെള്ളപ്പൊക്ക ഭീഷണി ഒഴിവായെന്നും ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവയ്ക്കാനുള്ള നോട്ടീസ് ജോണ്‍ പ്രൈസ് പരിഗണിച്ചില്ലെന്നും പണി തുടര്‍ന്നുവെന്നും കോടതി ചൂണ്ടിക്കാണിച്ചു. പ്രൈസ് ചെയ്ത നിര്‍മ്മാണ നടപടികള്‍ വെള്ളപ്പൊക്കം തടയുന്നതില്‍ സഹായിച്ചില്ലെന്നും മറിച്ച് ജൈവ വൈവിധ്യത്തെ താറുമാറാക്കിയെന്നുമാണ് കോടതി കണ്ടെത്തിയിട്ടുള്ളത്. ഈ കൈവരിയുടെ ഇരുവശങ്ങളിലുമുള്ള കര ഭൂമി പ്രൈസിന്റെ ഫാമിന്റെ സ്വന്തമാണ്. വെള്ളപ്പൊക്കം ഒഴിവാക്കാനെന്ന രീതിയില്‍ ഇത്തരം അശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് പ്രൈസിനെതിരായ നടപടിയെന്നാണ് കോടതി വിശദമാക്കുന്നത്. നേരത്തെ 2007 ജൂലൈ മാസത്തില്‍ തന്റെ ഉരുളക്കിഴങ്ങ് കൃഷി നനയ്ക്കാനായി നദിയില്‍ അൻധികൃത അണക്കെട്ട് നിര്‍മ്മിച്ച ഇയാള്‍ക്കെതിരെ കോടതി പിഴ ശിക്ഷ വിധിച്ചിരുന്നു.

Top