ഒരൽപ്പം കൂടി ഫാസ്റ്റാകാം; അതിവേഗ 5g സേവനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി

ന്യൂഡൽഹി: 5g സേവനങ്ങൾക്ക് രാജ്യത്ത് ഔദ്യോഗിക തുടക്കം. ഡൽഹിയിലെ പ്രഗതി മൈതാനത്ത് നടക്കുന്ന ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ അഞ്ചാം പതിപ്പിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനങ്ങൾക്കു നാന്ദി കുറിച്ചത്. ആദ്യഘട്ടത്തിൽ 13 ഇന്ത്യൻ നഗരങ്ങളിലാകും സേവനം ലഭ്യമാകുക. കേരളത്തിൽ അടുത്ത വർഷമേ 5ജി സേവനം ലഭ്യമാകൂ.

ന്യൂഡൽഹി, ജാംനഗർ, ചണ്ഡിഗഢ്, ചെന്നൈ, കൊൽക്കത്ത, ഗുരുഗ്രാം, പൂനെ, മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലാണ് ആദ്യം 5ജി എത്തുന്നത്. ഈ നഗരങ്ങളിൽ ഇന്നുമുതൽ തന്നെ അതിവേഗസേവനം ലഭ്യമാകുമെന്ന് എയർടെൽ അറിയിച്ചു. 2023 ഡിസംബറോടെ രാജ്യത്തെ മുഴുവൻ താലൂക്കുകളിലും സേവനം ലഭ്യമാക്കുമെന്ന് ജിയോയും അറിയിച്ചിട്ടുണ്ട്.

തുടക്കത്തിൽ താരിഫിൽ മാറ്റമുണ്ടാകില്ല. 4ജിയുടെ താരിഫിൽ തന്നെയാകും 5ജി സേവനവും ലഭിക്കുക. ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്, ശതകോടീശ്വരന്മാരായ റിലയൻസ് ജിയോയുടെ മുകേഷ് അംബാനി, എയർടെല്ലിന്റെ സുനിൽ ഭാരതി, വൊഡാഫോൺ ഐഡിയയുടെ കുമാർ മംഗളം ബിർള എന്നിവരെല്ലാം ചടങ്ങിൽ സംബന്ധിച്ചിരുന്നു.

Top