ക്രൈം ത്രില്ലർ സിനിമയെ വെല്ലുന്ന ജീവിതം, ഇത് കേരള പൊലീസിലെ “ഷെർലക് ഹോംസ്”

കേരള പോലീസിലെ ഷെര്‍ലക് ഹോംസ് എന്നറിയപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് എം.പി മോഹന ചന്ദ്രൻ. കുറ്റാന്വേഷണ രംഗത്തെ മികവ് മൂലം ഒട്ടേറെ പുരസ്ക്കാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയിരുന്നത്. നവംബർ 30 ന് എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി ആയിരിക്കെയാണ് അദ്ദേഹം സർവ്വീസിൽ നിന്നും വിരമിച്ചിരിക്കുന്നത്. എന്നാൽ ഇതൊരു ചെറിയ ഇടവേള മാത്രമാണെന്നും ഐ.പി.എസിന്റെ മികവോടെ അധികം താമസിയാതെ തന്നെ അദ്ദേഹം വീണ്ടും സേനയിലേക്ക് മടങ്ങിയെത്തുമെന്നുമാണ് സഹപ്രവർത്തകർ പറയുന്നത്.

വിരമിക്കുന്ന സമയത്ത് നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിന്റെ അന്വേഷണോദ്യോഗസ്ഥനായിരുന്നു മോഹനചന്ദ്രന്‍. കേരളത്തില്‍ നിന്നും ഐ.പി.എസിന് ശുപാര്‍ശ ചെയ്ത ലിസ്റ്റില്‍ ഉള്‍പ്പെട്ട മോഹനചന്ദ്രനെ യു.പി.എ.സി കൂടി അംഗീകരിച്ചാല്‍ അടുത്ത ഐ.പി.എസ് ലിസ്റ്റിൽ ഉൾപ്പെടും. പ്രലോഭനങ്ങളെയും ഭീഷണികളെയും വിലവെക്കാത്ത ഈ പൊലീസ് ഉദ്യോഗസ്ഥന് വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്. സി.ആര്‍.പി.എഫ് എസ്.ഐയായി 1990 -ല്‍ കേന്ദ്ര പോലീസ് സേനയില്‍ ചേര്‍ന്ന മോഹനചന്ദ്രൻ ദേശീയ സുരക്ഷാ സേനയുടെ കമാന്റോ പരിശീലനവും ലഭിച്ചിട്ടുണ്ട്. പിന്നീട് എസ്.പി.ജി പരിശീലനവും പൂർത്തിയാക്കുകയുണ്ടായി.

മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ എസ്.പി.ജി സുരക്ഷാസംഘത്തിലും ഈ മലയാളി ഉണ്ടായിരുന്നു. കേരള പോലീസില്‍ എസ്.ഐയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് 1995-ൽ കേന്ദ്രസര്‍വീസില്‍ നിന്നും രാജിവെച്ച് കേരള പോലീസില്‍ എത്തിയിരുന്നത്. സംസ്ഥാനത്തെ വലിയ ബാങ്ക് കവര്‍ച്ചകളായ ചേലേമ്പ്ര, പെരിയ, പൊന്ന്യം, കാന്നാണി, തിരുനാവായ ബാങ്ക് കവര്‍ച്ചാ കേസുകളിലെ പ്രതികളെ പിടികൂടുന്നതിൽ മോഹനചന്ദ്രന്‍ നിർണ്ണായക പങ്കാണ് വഹിച്ചിരുന്നത്. തിരൂരങ്ങാടി കൊടിഞ്ഞിയിലെ പാത്തുമ്മക്കുട്ടി വധക്കേസിലെ പ്രതി ഇസ്‌ലാം ഖാനെയും സംഘത്തെയും യു.പി മൊറാദാബാദിലെത്തി സാഹസികമായാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പിടികൂടിയിരുന്നത്.

മാറാട് കലാപക്കേസ് അന്വേഷണസംഘത്തിലും മോഹന ചന്ദ്രൻ ഉണ്ടായിരുന്നു. കുനിയില്‍ ഇരട്ടക്കൊലക്കേസ്, നിലമ്പൂര്‍ രാധാവധക്കേസ് എന്നിവ അന്വേഷിച്ച പ്രത്യേക സംഘത്തിലും മോഹന ചന്ദ്രൻ പ്രവർത്തിച്ചു. മതംമാറ്റത്തിന്റെ പേരില്‍ കൊല്ലപ്പെട്ട കൊടിഞ്ഞി ഫൈസല്‍ വധക്കേസ്, ബിബിന്‍ വധക്കേസ്, കാസര്‍ക്കോട് റിയാസ് മൗലവി വധക്കേസ്, അരീക്കോട് കുനിയില്‍ ഇരട്ടക്കൊലക്കേസ്, ചാവക്കാട് വടക്കെക്കാട് ഷെമീര്‍ വധക്കേസ്, എന്നിവ തെളിയിച്ചതും, മോഹനചന്ദ്രന്റെ അന്വേഷണ മികവിലാണ്.

pookottumpadam currancy prathikal

2009 -ലെ പെരിയ പൊന്ന്യന്‍ കവര്‍ച്ചാക്കേസ് അന്വേഷണത്തിനിടയിൽ തമിഴ്‌നാട് കുറുവ സംഘം നടത്തിയ 12 ബാങ്ക് കവര്‍ച്ചകള്‍ക്കാണ് മോഹന ചന്ദ്രൻ തുമ്പുണ്ടാക്കിയിരുന്നത്. കഞ്ചാവ് വേട്ടയിലും ഈ മികവ് പ്രകടമാണ്. കാസര്‍ഗോട്ടുനിന്നു മാത്രം 600 കിലോ ഗ്രാം കഞ്ചാവാണ് പിടികൂടിയിരുന്നത്. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിയായിരിക്കെ നോട്ടു നിരോധനത്തിനു ശേഷം 2 വര്‍ഷം കൊണ്ട് 125 കോടി രൂപയുടെ നിരോധിതനോട്ടുകളാണ് പിടിച്ചെടുത്തിരുന്നത്. നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ക്ക് പുറമെ 110 കോടി രൂപ വിലമതിക്കുന്ന തുര്‍ക്കി കറന്‍സിയും മോഹനചന്ദ്രന്റെ നേതൃത്വത്തിൽ പിടികൂടുകയുണ്ടായി.

pookotumpadam currancy

മലപ്പുറത്ത് തെരുവുനായ്ക്കള്‍ക്ക് നിരന്തരം വെട്ടേല്‍ക്കുന്നത് തീവ്രവാദസംഘങ്ങളുടെ പരിശീലനത്തിനിടെയാണെന്ന പ്രചരണം അക്കാലത്ത് ശക്തമായിരുന്നു. ദേശീയതലത്തില്‍ വരെ ഈ സംഭവം ചർച്ചയാകുകയുണ്ടായി. ഇതേ തുടർന്ന് വിഷയത്തിൽ ഇടപെട്ട സർക്കാർ അന്വേഷണത്തിന് മോഹനചന്ദ്രനെയാണ് നിയോഗിച്ചിരുന്നത്. നായ്ക്കളുടെ തലയിലെ മുറിവ് പരിശോധിക്കുകയും വെറ്റിനറി സര്‍ജന്‍മാരുടെ റിപ്പോര്‍ട്ടുകൾ ഉൾപ്പെടെ പരിഗണിച്ച് തികച്ചും ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് ഇക്കാര്യത്തിലെ ദുരൂഹത അന്വേഷണ സംഘം മാറ്റിയിരുന്നത്. ഇണചേരുന്ന സീസണിലും മറ്റും നായ്ക്കള്‍ കടിപിടി കൂടിയുണ്ടാകുന്ന മുറിവാണിതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്.

ഹൈവേ കൊള്ളക്കാരനും ക്വട്ടേഷന്‍ ഗുണ്ടാസംഘത്തലവനായ കോടാലി ശ്രീധരന്‍, വാഹനമോഷ്ടാവ് വീരപ്പന്‍ റഹീം എന്നിവരെ സാഹസികമായി പിടികൂടിയതും മോഹന ചന്ദ്രന്റെ നേതൃത്വത്തിലാണ്. കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി വ്യാപിച്ചിരുന്ന കോടാലി ശ്രീധരന്റെ ഹൈവേ കൊള്ള സംഘത്തെ പിടികൂടിയതോടെ മോഹനചന്ദ്രന് നേരെ വലിയ ഭീഷണിയും ഉയരുകയുണ്ടായി. മോഹനചന്ദ്രനെ അപായപ്പെടുത്താന്‍ ക്വാട്ടേഷന്‍ നല്‍കിയവരെയും പിന്നീട് പോലീസ് പിടികൂടുകയുണ്ടായി.

നിലമ്പൂര്‍ വനത്തില്‍ പോലീസും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടൽ സംഘത്തിലും ഈ പോലീസ് ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നു. ആദിവാസി കോളനികളില്‍ ബോധവല്‍ക്കരണവും പ്രചരണവും നടത്തി ആദിവാസികള്‍ മാവോയിസ്റ്റ് ആശയത്തിലേക്ക് വഴിമാറാതിരിക്കാനുള്ള മുന്‍കരുതലും പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിയും മലപ്പുറം ഇന്റലിജന്‍സ് ഡി.വൈ.എസ്.പിയുമായിരിക്കെ മോഹനചന്ദ്രൻ സ്വീകരിച്ചത് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ഇപ്പോഴും ഓർക്കുന്നുണ്ട്.

നൂറോളം ഗുഡ് സര്‍വീസ് എന്‍ട്രികളാണ് മോഹന ചന്ദ്രൻ കരസ്ഥമാക്കിയിരിക്കുന്നത്. രാഷ്ട്രപതിയുടെ മെഡലിനു പുറമെ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ കുറ്റാന്വേഷണ മികവിന് സംസ്ഥാന പോലീസ് ചീഫിന്റെ ബാഡ്ജ് ഓഫ് ഓണറും അദ്ദേഹം നേടിയിട്ടുണ്ട്. ഐ.പി.എസ് കരസ്ഥമാക്കി എത്രയും വേഗം മോഹനചന്ദ്രൻ വീണ്ടും സർവ്വീസിൽ തിരിച്ചെത്തണമെന്നാണ് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥർ അടക്കം ആഗ്രഹിക്കുന്നത്.

EXPRESS KERALA VIEW

Top