ജനങ്ങള്‍ക്ക് വേണ്ടി ഇത്രയും അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ച നേതാവ് അപൂര്‍വം; ശശി തരൂര്‍ എം.പി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുമ്പോള്‍ ജനങ്ങള്‍ ഓര്‍ക്കുക ഉമ്മന്‍ ചാണ്ടിയുടെ പേരായിരിക്കുമെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. അദ്ദേഹം സംസ്ഥാനത്തിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. 18 മണിക്കൂര്‍ വരെ ലക്ഷക്കണക്കിന് ആളുളെ കാണാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ലോകത്ത് മറ്റൊരു നേതാവിന് കഴിയില്ല. ജനങ്ങള്‍ക്ക് വേണ്ടി ഇത്രയും അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ച നേതാവ് അപൂര്‍വമാണെന്നും ശശി തരൂര്‍ അനുസ്മരിച്ചു. ഉമ്മന്‍ ചാണ്ടിയെന്ന ജനകീയ നേതാവ് കേരളത്തിന്റെ ഭാഗ്യമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെയുണ്ടായ നഷ്ടം എല്ലാവരുടേതുമാണ് എന്നും ശശി തരൂര്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടി അവസാനമായി തന്നെ കണ്ടപ്പോള്‍ ചോദിച്ചത് നിമിഷ പ്രിയയുടെ മോചനത്തെക്കുറിച്ചായിരുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ അനുസ്മരിച്ചു. ഉമ്മന്‍ചാണ്ടിയുടെ നിര്യാണം കേരള രാഷ്ട്രീയത്തില്‍ വലിയ വിടവാണ് സൃഷ്ടിക്കുക. ജനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച മറ്റൊരു നേതാവ് കേരളത്തില്‍ ഉണ്ടായിട്ടില്ല. രാഷ്ട്രീയമായിട്ടുള്ള ഭിന്നതകള്‍ ഉള്ളപ്പോഴും, ഉമ്മന്‍ചാണ്ടി ആരോടും വിദ്വേഷം പുലര്‍ത്തിയിരുന്നില്ല. ഇറാഖില്‍ നിന്ന് നഴ്‌സുമാരെ തിരിച്ചെത്തിക്കാന്‍ അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനൊപ്പം നിന്ന് അദ്ദേഹം പ്രവര്‍ത്തിച്ചു. മാതൃകാപരമായ പ്രവര്‍ത്തനമാണ് എല്ലാ കാര്യത്തിലും അദ്ദേഹം നടത്തിയതെന്നും വി. മുരളീധരന്‍ അനുസ്മരിച്ചു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമാണ് ഇന്നത്തെ അവധി. ഇന്ന് സംസ്ഥാനത്തെ റേഷന്‍കടകള്‍ക്കും ബാങ്കുകള്‍ക്കും കെഎസ്ഇബിയുടെ ഓഫീസുകള്‍ക്കും അവധിയായിരിക്കും. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Top