എതിരാളികളെയും ഒപ്പം നിർത്തിയ നേതാവ്; ആരവമൊഴിയാത്ത ആൾകൂട്ടം

1978ലെ കോൺഗ്രസ് പിളർപ്പിൽ ഇന്ദിരാഗാന്ധിക്ക് എതിരായ ക്യാംപിൽ നിന്നതാണ് പാർട്ടിയിലെ എതിരാളികൾ ഉമ്മൻ ചാണ്ടിയിൽ ചുമത്തുന്ന ഒരു പിഴ. മനസ്സുകൊണ്ട് ഇന്ദിരാപക്ഷത്തായിരുന്നു ഉമ്മൻ ചാണ്ടി. എന്നാൽ, വയലാർ രവിയും കെ.പി.ഉണ്ണിക്കൃഷ്ണനും ഇന്ദിരാവിരുദ്ധ ചേരിയുടെ വക്താക്കളായി നിൽക്കുന്നു. അവരിൽ നിന്ന് വ്യത്യസ്ത നിലപാട് എടുത്താൽ കാത്തുസൂക്ഷിച്ച യുവജന ഐക്യം അടിമുടി തകരും. 1980ൽ ഇടതുമുന്നണിയുടെ ഭാഗമാകുന്നതിനോട് എതിർപ്പുണ്ടായിരുന്നിട്ടും എ കെ ആന്റണി ഉൾപ്പെടെയുള്ളവർ എടുത്ത പൊതുതീരുമാനം ഉമ്മൻ ചാണ്ടി ശിരസാ വഹിച്ചു.

കൂടെ നിൽക്കുന്നവരും അവരുടെ നിലപാടും അന്നും ഇന്നും ഉമ്മൻ ചാണ്ടിക്ക് വികാരമാണ്. അതു ഗ്രൂപ്പുകളിയാണെന്നും ബലഹീനതയാണെന്നും ആരോപിക്കുന്നവരുണ്ട്. പക്ഷേ, എ ഗ്രൂപ്പ് എന്ന കോൺഗ്രസിന്റെ നെടുങ്കോട്ട കാത്തത് ഉമ്മൻ ചാണ്ടിയുടെ ഗുണവും ദോഷവും എല്ലാം ചേർന്നുള്ള ഈ ശൈലിയാണ്. 2005ൽ കെ.കരുണാകരൻ പാർട്ടി വിട്ടുപോയ ചരിത്രപരമായ പ്രതിസന്ധിയെ ഉമ്മൻ ചാണ്ടി അതിജീവിച്ചത് ഐ വിഭാഗക്കാരെ പുറന്തള്ളിയല്ല, പകരം ‘ഉമ്മൻ കോൺഗ്രസ്’ എന്ന് ആക്ഷേപിച്ചവരെ അടക്കം പാർട്ടിയിലേക്കു തിരിച്ചു കൊണ്ടുവന്നാണ്. ഇന്ത്യയിലും കേരളത്തിലും പാർട്ടി വലിയ പ്രതിസന്ധികൾ നേരിട്ടു തുടങ്ങിയതും പ്രവർത്തകസമിതി അംഗമായുള്ള ആരോഹണവും ഉമ്മൻ ചാണ്ടിയുടെ മുൻഗണനകളെ മാറ്റിയിട്ടുണ്ട്.

കാലം മാറ്റം വരുത്താത്ത നേതാവ് എന്നാണ് അടുപ്പക്കാരുടെ വിലയിരുത്തൽ. വയ്യായ്മകൾക്കിടയിലും പ്രിയപ്പെട്ട ആര്യാടൻ മുഹമ്മദിന്റെ വേർപാടുവേളയിൽ നിലമ്പൂരിലെത്തി രണ്ടുദിവസം അവിടെയുണ്ടായിരുന്നു. കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അർപ്പിക്കാൻ സാധിച്ചില്ലെങ്കിലും പിന്നീടു കണ്ണൂരിലെത്തി മടങ്ങിയത് കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങൾകൂടി സന്ദർശിച്ചാണ്.

ഭാരത് ജോഡോ യാത്ര ഹരിപ്പാട്– അമ്പലപ്പുഴ റൂട്ടിൽ ആറു മിനിറ്റ് സ്തംഭിച്ചത് ഉമ്മൻ ചാണ്ടിയെ തിരികെ കാറിൽ നിർബന്ധിച്ചു കയറ്റാൻ രാഹുൽ ഗാന്ധിയെടുത്ത പരിശ്രമം മൂലമാണ്. ആലുവയിലെ ഈ ആശുപത്രി ദിനങ്ങളിൽ രോഗമല്ല, സതീശൻ പാച്ചേനിയെ അവസാനമായി ഒരു നോക്കുകാണാൻ കഴിയാഞ്ഞതാണ് അദ്ദേഹത്തിനു കൂടുതൽ വേദന നൽകിയത്.

മനസ്സുകൊണ്ട് ഉമ്മൻ ചാണ്ടി, പഴയ ഉമ്മൻ ചാണ്ടി തന്നെയാണ്. അല്ലെങ്കിൽ സമീപകാലത്ത് സിൽവർലൈൻ യുഡിഎഫിന്റെ ആഗ്നേയാസ്ത്രം ആവില്ലായിരുന്നു. വികസനത്തിനായി നിലകൊള്ളുന്ന മുന്നണി എന്ന ലേബൽ നഷ്ടപ്പെടുമോ എന്ന പേരിൽ ആകെ കുഴങ്ങിനിന്ന കോൺഗ്രസിനു ചർച്ചകളിൽ ദിശാബോധം നൽകിയത് ഉമ്മൻ ചാണ്ടിയാണ്. ഉരുത്തിരിയുന്ന ഓരോ വിഷയത്തിലും അദ്ദേഹം അഭിപ്രായങ്ങൾ ഖണ്ഡിതമായി പങ്കുവയ്ക്കുന്നു. ജനങ്ങളും രാഷട്രീയ നേതൃത്വവും ആ പ്രതികരണങ്ങൾക്കായി കാതോർക്കുന്നു; വിലമതിക്കുന്നു. അതാണ് ഉമ്മൻ ചാണ്ടിയുടെ മൂല്യം; പ്രസക്തിയും.

കടപ്പാട് മനോരമ (മനോരമയില്‍ 2022 ഒക്ടോബർ 31 പ്രസിദ്ധീകരിച്ചത്)

Top