ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലില്‍ ദേശീയ പാത ഒലിച്ചുപോയി

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലില്‍ ബദരീനാഥ് ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചുപോയി. കനത്ത മഴയെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ഗൗച്ചര്‍-ബദ്രിനാഥ് ഹൈവേയുടെ 100 മീറ്റര്‍ ഭാഗം ഒലിച്ചുപോയതിനെ തുടര്‍ന്ന് തിങ്കളാഴ്ച ബദരീനാഥ് തീര്‍ഥാടനം തടസ്സപ്പെട്ടു.

ചമോലി ജില്ലയിലെ ബദരീനാഥ് ക്ഷേത്രം ഒരു പ്രധാന ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമാണ്. കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നീ ദേവാലയങ്ങളും ഉള്‍ക്കൊള്ളുന്ന ചാര്‍ ധാം യാത്രയുടെ (നാല് പുണ്യസ്ഥലങ്ങളുടെ തീര്‍ത്ഥാടനം) ഭാഗമാണിത്.പാത പുനഃസ്ഥാപിക്കാന്‍ രണ്ടോ മൂന്നോ ദിവസമെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

”ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ഗൗച്ചറിലെ കാമേദയില്‍ ബദരീനാഥ്-ശ്രീ ഹേമകുണ്ഡ് ദേശീയ പാതയുടെ വലിയൊരു ഭാഗം തകര്‍ന്നു. റോഡ് പുനഃസ്ഥാപിക്കാന്‍ 2-3 ദിവസമെടുക്കും.”ചമോലി ജില്ലാ മജിസ്ട്രേറ്റ് ഹിമാന്‍ഷു ഖുറാന എഎന്‍ഐയോട് പറഞ്ഞു. ഗൗച്ചറിനടുത്തുള്ള ഭട്ട്നഗറിലും റോഡിന്റെ ഒരു ഭാഗം തകര്‍ന്നു. അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു വരികയാണെന്നും സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ, മണ്ണിടിച്ചിലിനെത്തുടര്‍ന്ന് യമുനോത്രി ദേശീയ പാത ബാര്‍കോട്ടിനും ഗംഗാനിക്കും ഇടയില്‍ പലയിടത്തും തടഞ്ഞിരുന്നു, ഗതാഗതത്തിനായി റോഡ് വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

Top