മോദിയുടെ വിശ്വസ്തന്‍ എ.കെ ശര്‍മ്മ ഉത്തര്‍പ്രദേശ് ബി.ജെ.പി ഉപാധ്യക്ഷന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തന്‍ എ.കെ ശര്‍മ്മ ഉത്തര്‍പ്രദേശ് ബി.ജെ.പി ഉപാധ്യക്ഷനായി തെരെഞ്ഞെടുക്കപ്പെട്ടു. ഗുജറാത്തിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ എകെ ശര്‍മ്മ നിലവില്‍ മൗവില്‍ നിന്നുള്ള എംഎല്‍സിയാണ്. ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി നേതൃത്വത്തിന്റെ സുപ്രധാനമായ നീക്കം.

ഉത്തര്‍പ്രദേശില്‍ കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയതോടെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്ത്വത്തിനു ശേഷമാണ് ശര്‍മയുടെ നിയമനം. ശര്‍മ്മയെ വൈസ് പ്രസിഡന്റായി നിയമിച്ച കാര്യം യു.പി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ് ആണ് പ്രഖ്യാപിച്ചത്. ശര്‍മ്മയ്‌ക്കൊപ്പം ലക്‌നൗ, ബലന്ദ്ഷ്ഹര്‍ എന്നിവിടങ്ങളുടെ സംഘടന ചുമതല അര്‍ച്ചന മിശ്ര, അമിത് വാല്‍മീകി എന്നിവര്‍ക്കു നല്‍കി.

സ്വതന്ത്രദേവ് സിംഗ് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി ബി.ജെ.പി ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് പ്രഖ്യാപനം. 1988 ബാച്ച് ഓഫീസര്‍ ആയിരുന്ന ശര്‍മ്മ ഐ.എ.എസ് ഐ.എ.എസില്‍ നിന്ന് സ്വയം വിരമിച്ച് ജനുവരിയിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഗുജറാത്തില്‍ സര്‍വീസിലിരിക്കേയാണ് മോദിയുമായി ഇദ്ദേഹം ബന്ധം സ്ഥാപിച്ചത്.

Top