തിരുവനന്തപുരം : കറുകുറ്റി ട്രെയിന്‍ അപകടത്തെത്തുടര്‍ന്ന് ഗതാഗതം താറുമാറായ സാഹചര്യത്തെ നേരിടാന്‍ കെഎസ്ആര്‍ടിസി 72 പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍.
വൈകുന്നേരത്തോടെ എല്ലാ ജില്ലാ ആസ്ഥാനങ്ങളില്‍നിന്നും തിരുവനന്തപുരത്തേക്കും, തിരുവനന്തപുരത്തുനിന്ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലേക്കും സര്‍വീസുകള്‍ നടത്തും.
എറണാകുളം, തൃശൂര്‍ ഡിപ്പോകള്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തും. എല്ലാ ഡിപ്പോകളിലും കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരെയും സോണല്‍ മാനേജര്‍മാരെയും നടപടികളെടുക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റെയില്‍വേ സ്റ്റേഷനുകളില്‍ കുടുങ്ങിയിരിക്കുന്ന യാത്രക്കാര്‍ക്കായി കെഎസ്ആര്‍ടിസി ബസുകളുടെ അധിക സര്‍വീസ് നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചിരുന്നു.
സ്റ്റേഷനുകളില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് സഹായം എത്തിക്കാന്‍ റെയില്‍വെ ഡിവിഷനല്‍ മാനേജറും റോഡ് ട്രാന്‍.കോര്‍പറേഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടറും നേതൃത്വം നല്‍കുന്നുണ്ടെന്ന് പിണറായി വിജയന്‍ അറിയിച്ചു.
അപകടം ഉണ്ടായ ഉടന്‍ അങ്കമാലിയിലേക്ക് കെഎസ്ആര്‍ടിസി 43 ബസുകള്‍ അയച്ചിരുന്നു. മറ്റ് സ്ഥലങ്ങളിലേക്ക് ബസുകള്‍ ലഭ്യമാകുന്നത് അനുസരിച്ചായിരിക്കും സര്‍വീസ് നടത്തുക.
തിരുവനന്തപുരം റെയില്‍വേ സോണല്‍ ഓഫീസര്‍ സുധീഷ് (ഫോണ്‍: 09746769950) ആണ് യാത്രക്കാര്‍ക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ഒരുക്കുന്നത് ക്രോഡീകരിക്കുന്നത്. ഇത് കൂടാതെ എറണാകുളം-തിരുവനന്തപുരം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കാനും തീരുമാനിച്ചിട്ടുണ്ട്.