എം.ഡി സ്ഥാനത്തു നിന്നു ടോമിന്‍ തച്ചങ്കരിയെ മാറ്റിയതില്‍ അസ്വഭാവികതയില്ല: ഗതാഗതമന്ത്രി

തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരിയെ കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തു നിന്നു മാറ്റിയ മന്ത്രിസഭാ തീരുമാനത്തില്‍ അസ്വാഭാവികതയില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. തെരഞ്ഞെടുപ്പിനു മുമ്പുള്ള പുനക്രമീകരണം മാത്രമാണതെന്നും താന്‍ ഗതാഗതമന്ത്രിയായശേഷം ഇത്തരത്തില്‍ നാല് എംഡിമാരെ മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എംപി ദിനേശിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. രാഷ്ട്രീയവിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവിലാണ് തച്ചങ്കരിയെ സ്ഥാനത്തു നിന്ന് മാറ്റിയത്. സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ തച്ചങ്കരിയ്ക്കെതിരെ രംഗത്തു വന്നിരുന്നു. ഗതാഗതമന്ത്രിയും ദേവസ്വംമന്ത്രിയും അടക്കമുള്ളവരുമായും തച്ചങ്കരി നല്ല ബന്ധത്തിലായിരുന്നില്ല.

ഹൈക്കോടതി ഉത്തരവ് മൂലം എം പാനല്‍ ജീവനക്കാരെ മുഴുവന്‍ പിരിച്ചുവിടേണ്ടി വന്നത് തച്ചങ്കരി മേധാവിയായി ഇരുന്ന സമയത്താണ്. ഇത് തൊഴിലാളികള്‍ക്കിടയില്‍ ഒരു വിരുദ്ധ മനോഭാവം സൃഷ്ടിക്കാന്‍ കാരണമായി. കൂടാതെ വേണ്ടത്ര ജീവനക്കാരില്ലാത്ത പശ്ചാത്തലത്തില്‍ അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കിയതിന്റെ പേരില്‍ ഹൈക്കോടതിയില്‍ നിന്നും തൊഴിലാളി യൂണിയനുകളുടെ ഭാഗത്തു നിന്നും തച്ചങ്കരിയ്ക്ക് വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു.

Top