‘ഇ പി ജയരാജന്‍ നിയമത്തിന് മുന്നില്‍ സംരക്ഷിതന്‍’; കേസ് നിലനില്‍ക്കില്ലെന്ന് എ കെ ബാലന്‍

തിരുവനന്തപുരം: ഇ പി ജയരാജനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് എ കെ ബാലന്‍. പരാതി അന്വേഷിക്കാന്‍ പൊലീസിനോട് പറയുന്നത് സാധാരണ നടപടി മാത്രമാണെന്നാണ് എ കെ ബാലന്‍ പറയുന്നത്. കുറ്റകൃത്യം തടയാനുള്ള അധികാരം നിയമപരമായി പൗരനുണ്ടെന്ന് എ കെ ബാലന്‍ പറഞ്ഞു. ഇതാണ് ഇ പി ജയരാജന്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫും ഇ പി ജയരാജനും നിയമത്തിന് മുന്നില്‍ സംരക്ഷിതരാണെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസുകാരെ കൈയേറ്റം ചെയ്ത കേസിലാണ് ഇ പി ജയരാജനെതിരെ വലിയതുറ പൊലീസ് കേസെടുത്തത്. വധശ്രമം, ക്രിമിനല്‍ ഗൂഢാലോചനാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. വിമാനത്തില്‍ പ്രതിഷേധക്കാരെ തള്ളിയ സംഭവത്തില്‍ ഇപി ജയരാജന്‍, മുഖ്യമന്ത്രിയുടെ ഗണ്മാന്‍, പേഴ്‌സണല്‍ സ്റ്റാഫ് എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്.പ്രതിഷേധക്കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദും ആര്‍കെ നവീന്‍ കുമാറുമാന് ഹര്‍ജി സമര്‍പ്പിച്ചത്.

Top