A K Antony’s comment against BJP

തിരുവനന്തപുരം: മതസൗഹാര്‍ദം കാത്ത് സൂക്ഷിക്കാന്‍ ബി.ജെ.പിയില്ലാത്ത നിയമസഭയുണ്ടാകണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി. രാജ്യത്ത് കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനാണ് ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിന്റെ പ്രത്യേകതയായ മതസൗഹാര്‍ദം കാത്ത് സൂക്ഷിക്കേണ്ടതുണ്ട്. ഇതിന് കോട്ടം വരാന്‍ അനുവദിക്കരുതെന്നും ആന്റണി വ്യക്തമാക്കി.

കാല്‍ നൂറ്റാണ്ടിന് ശേഷമാണ് എല്‍.ഡി.എഫിന് ബോധോദയം ഉണ്ടാകുന്നത്. മെഷീനിനും ട്രാക്ടറിനും കമ്പ്യൂട്ടറിനുമെതിരായ പ്രതിഷേധങ്ങളും സമരങ്ങളും നടത്തിയവരാണ് അവര്‍. എന്നാല്‍ ഇന്ന് അവര്‍ കമ്പ്യൂട്ടറിന്റെയും നവമാധ്യമങ്ങളുടെയും ആരാധകരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് ഒരിക്കലും വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചിട്ടില്ല. 10 വോട്ട് കൂടുതല്‍ നേടാനാണ് സി.പി.എം അത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നത്. സി.പി.എമ്മിന്റെ വികസന നയം 25 വര്‍ഷം പിന്നിലാണ്. അഴിമതിയും ആരോപണവും രണ്ടും രണ്ടാണ്. അഴിമതി ആരോപണം ഉന്നയിക്കുന്നതില്‍ സി.പി.എം വിദഗ്ധരാണ്. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അപകടം പതിയിരിക്കുന്നുണ്ട്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഒരുമിച്ചെത്തുന്നത് ഇതിന്റെ സൂചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വികസന രംഗത്ത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്‍മുന്നേറ്റമാണ് നടത്തിയതെന്നും ആന്റണി പറഞ്ഞു.

Top