മുഖ്യമന്ത്രി സ്ഥാനമോഹികളെ വെട്ടാന്‍ ഉമ്മന്‍ ചാണ്ടി വിഭാഗം നീക്കം തുടങ്ങി !

കോണ്‍ഗ്രസിനകത്ത് ആഭ്യന്തര കലഹം വീണ്ടും ശക്തമാവുന്നു. എ.കെ ആന്റണിയുടെ പിന്‍ബലത്തില്‍ ശക്തനാവാനുള്ള മുല്ലപ്പള്ളി രാമചന്ദ്രന്റെ നീക്കമാണ് എ വിഭാഗം പൊളിച്ചടുക്കുന്നത്. രമേശ് ചെന്നിത്തലക്കു വേണ്ടി മുഖ്യമന്ത്രി പദം സ്വപ്നം കാണുന്ന ഐ വിഭാഗവും മുല്ലപ്പള്ളിക്ക് എതിരാണ്. എന്നാല്‍ എ ഗ്രൂപ്പിനെ പോലെ ഒരു കടന്നാക്രമണത്തിന് അവര്‍ തുനിഞ്ഞിട്ടില്ല. ഭാവിയില്‍ മുല്ലപ്പള്ളിയുമായി സമവായത്തിലെത്തി വിലപേശല്‍ നടത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണിത്.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിജയം മുന്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുകളുടെ സകല കണക്കുകൂട്ടലുകളും. എന്നാല്‍ ഈ അമിത ആത്മവിശ്വാസം ആപത്താണെന്നും ഇടതുപക്ഷം കണക്കു കൂട്ടലുകള്‍ തെറ്റിക്കുമെന്നുമുള്ള മുന്നറിയിപ്പ് ചില മുതിര്‍ന്ന നേതാക്കള്‍ തന്നെ ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.

ശക്തമായ സംഘടനാ സംവിധാനം ഉപയോഗിച്ച് നിയമസഭ ഉപതെരഞ്ഞെടുപ്പിലൂടെ ഇടതുപക്ഷം തിരിച്ചുവരുമെന്നാണ് മുന്നറിയിപ്പ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 6 സീറ്റില്‍ സിറ്റിംഗ് സീറ്റ് നിലനിര്‍ത്തിയാല്‍ പോലും ഇടതുപക്ഷത്തെ സംബന്ധിച്ച് വലിയ നേട്ടമാണ്. കാരണം സിറ്റിംഗ് സീറ്റായ അരൂരില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം ലഭിച്ചത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനാണ്. ഇക്കാര്യം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ യു.ഡി.എഫിന്റെ കൈവശമുള്ള 5 സീറ്റില്‍ ഒരു സീറ്റ് നഷ്ടപ്പെട്ടാല്‍ പോലും വലിയ തിരിച്ചടിയായിരിക്കും ഉണ്ടാകുക.

തിരിച്ചു വരവിനുള്ള വലിയ ആത്മവിശ്വാസം അട്ടിമറി വിജയം ഇടതുപക്ഷത്തിന് നല്‍കും. ഇക്കാര്യം കൂടി ഓര്‍ത്തിട്ടു വേണം മുഖ്യമന്ത്രി കസേര ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും എല്ലാം സ്വപ്നം കാണാനെന്നാണ് പരിഹാസം. കോണ്‍ഗ്രസിലെ അധികാര വടംവലിക്കെതിരെ മുതിര്‍ന്ന നേതാക്കളില്‍ മാത്രമല്ല യുവ നേതാക്കളിലും കടുത്ത അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്. ഷാനിമോള്‍ ഉസ്മാന്‍ ആലപ്പുഴയില്‍ പരാജയപ്പെട്ടത് ചെന്നിത്തലയുടെ കഴിവ് കേടായാണ് എ ഗ്രൂപ്പ് വിശേഷിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തല പൂര്‍ണ പരാജയമാണെന്നും എ ഗ്രൂപ്പ് തുറന്നടിക്കുന്നു.

മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടക കക്ഷികളുടെ പിന്തുണയോടെ ചെന്നിത്തലയെ താഴെ ഇറക്കി ഉമ്മന്‍ ചാണ്ടിയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് കൊണ്ടുവരണമെന്ന അഭിപ്രായമാണ് എ വിഭാഗത്തിനുള്ളത്. മുല്ലപ്പള്ളിയെ കൂട്ടുപിടിച്ച് കസേര സംരക്ഷിക്കാനാണ് ചെന്നിത്തല ഇപ്പോള്‍ ശ്രമിക്കുന്നത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടി നേരിട്ടാല്‍ ചെന്നിത്തലയുടെ കസേര തെറിക്കാനാണ് സാധ്യത. ഐ ഗ്രൂപ്പ് നേരിടുന്ന പ്രധാന വെല്ലുവിളിയും ഇതാണ്.

ദേശീയ രാഷ്ട്രീയ സാഹചര്യം, രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം, വിശ്വാസികള്‍ക്കിടയിലെ ആശങ്ക എന്നിവയാണ് 20 ല്‍ 19 സീറ്റും നേടാന്‍ യു.ഡി.എഫിന് വഴി ഒരുക്കിയിരുന്നത്. ഈ പഴുതുകള്‍ എല്ലാം അടച്ച് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരാനുള്ള പദ്ധതികളാണ് സി.പി.എം ഇപ്പോള്‍ നടപ്പാക്കുന്നത്. ഇത് വിജയം കണ്ടാല്‍ യു.ഡി.എഫിന്റെ സകല പ്രതീക്ഷകളും തകര്‍ന്നടിയും. ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും തെറിപ്പിക്കുവാന്‍ ഉപതെരഞ്ഞെടുപ്പില്‍ എ വിഭാഗം കാലുവാരുമോയെന്ന ആശങ്കയും ഐ ഗ്രൂപ്പിനുണ്ട്. ചെന്നിത്തലക്കെതിരെ ഐ ഗ്രൂപ്പില്‍ തന്നെ ഭിന്നത ശക്തമാവുന്നതും ഗ്രൂപ്പ് നേതാക്കളെ അലട്ടുന്നുണ്ട്.

ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ മുല്ലപ്പള്ളി രാമചന്ദ്രനും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറേണ്ടി വരും. ഒരു വെടിക്ക് രണ്ടു പക്ഷി എന്ന നിലപാട് എ ഗ്രൂപ്പ് ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകരും തള്ളിക്കളയുന്നില്ല. സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടുതല്‍ ശക്തമായി സജീവമാകാനാണ് ഉമ്മന്‍ ചാണ്ടിയുടെ തീരുമാനം. പ്രതിപക്ഷ നേതൃസ്ഥാനം, മുന്നണി ചെയര്‍മാന്‍ സ്ഥാനം എന്നിവ ഇപ്പോള്‍ വഹിക്കുന്നത് രമേശ് ചെന്നിത്തലയാണ്. നിയമസഭയില്‍ ഈ മുന്‍ മുഖ്യമന്ത്രിയെ മൂലക്ക് ഇരുത്തിയതിന് പിന്നില്‍ വില്ലനായും ചെന്നിത്തലയെയാണ് ഉമ്മന്‍ ചാണ്ടിയുടെ അനുയായികള്‍ കാണുന്നത്. സോളാറില്‍ സരിതയുടെ വെളിപ്പെടുത്തല്‍ യാദൃശ്ചികമല്ലെന്നും എ വിഭാഗം കരുതുന്നു. ഒരു അവസരത്തിനായാണ് അവരും കാത്തിരിക്കുന്നത്.

ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ ചെന്നിത്തലയുടെ കസേര തെറിപ്പിച്ച് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ പൊതുതെരഞ്ഞെടുപ്പിനെ നേരിടാനാണ് പദ്ധതി. മുസ്ലീം ലീഗിനും കേരള കോണ്‍ഗ്രസിനും ഉമ്മന്‍ ചാണ്ടിയോട് തന്നെയാണ് കൂടുതല്‍ താല്‍പ്പര്യം. ഈ വെല്ലുവിളിയെല്ലാം മുന്നില്‍ കണ്ട് ഘടക കക്ഷികളെ ഒപ്പം നിര്‍ത്താന്‍ ചെന്നിത്തലയും ശ്രമം തുടങ്ങിയിട്ടുണ്ട്. പ്രധാനമായും കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെയാണ് ഐ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

ആന്റണിയില്‍ സര്‍വ്വ പ്രതീക്ഷയും അര്‍പ്പിക്കുന്ന മുല്ലപ്പള്ളിയുടെ കാര്യവും പരുങ്ങലിലാണ്. ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയത്തോടെ ആന്റണി കൂടുതല്‍ പ്രതിരോധത്തിലായിട്ടുണ്ട്. ഡല്‍ഹി, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ തോല്‍വിക്ക് ആന്റണിയാണ് പ്രതിക്കൂട്ടില്‍. മുതിര്‍ന്ന നേതാവെന്ന നിലയില്‍ ആന്റണി നല്‍കിയ ഉപദേശം രാഹുല്‍ കേട്ടതാണ് തിരിച്ചടിക്ക് കാരണമെന്നാണ് ഒരു വിഭാഗം തുറന്നടിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ വേണ്ടപ്പെട്ടവരെ മുഖ്യമന്ത്രിയാക്കാന്‍ ചരടുവലിച്ച ആന്റണിയോട് സച്ചിന്‍ പൈലറ്റിനും, ജോതി രാധ സിന്ധ്യക്കും കടുത്ത എതിര്‍പ്പാണുള്ളത്.

ഉത്തരേന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും വലിയ പ്രതിഷേധമാണ് ആന്റണിക്കെതിരെ ഉയരുന്നത്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. എ വിഭാഗത്തിലും അമര്‍ഷം പ്രകടമാണ്. ആന്റണിക്കെതിരായ വാര്‍ത്തകളെ പ്രതിരോധിച്ച് ചെന്നിത്തല രംഗത്ത് വന്നതും അണികളെ പ്രകോപിപ്പിച്ചിട്ടുണ്ട്. ആന്റണിയെ പ്രീതിപ്പെടുത്തി നേട്ടമുണ്ടാക്കാമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അത് നടക്കില്ലെന്നാണ് സംസ്ഥാന കോണ്‍ഗ്രസിലെ പ്രബല വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇനി ഒരിക്കല്‍ കൂടി ആ വാക്കുകള്‍ കേട്ട് രാഹുല്‍ഗാന്ധിയും സോണിയഗാന്ധിയും കുഴിയില്‍ വീഴില്ലെന്നാണ് എ വിഭാഗം തുറന്നടിക്കുന്നത്.

അതേസമയം കോണ്‍ഗ്രസിലെ അധികാരപ്പോര് യു.ഡി.എഫിലെ ഘടക കക്ഷികളെയും ഇപ്പോള്‍ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 2021 ല്‍ സംസ്ഥാന ഭരണം പിടിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ പിന്നെ ഒരിക്കലും അത് സാധ്യമാകില്ലന്നാണ് ഘടക കക്ഷി നേതാക്കളുടെ വിലയിരുത്തല്‍. ഇടതുപക്ഷമാകട്ടെ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മണ്ഡലങ്ങളില്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. സകല ശക്തിയും ഉപയോഗിച്ച് ഒരു അട്ടിമറി വിജയമാണ് ചെമ്പട ലക്ഷ്യമിടുന്നത്.

Political Reporter

Top