കൊച്ചി ഒബറോണ്‍ മാളില്‍ വന്‍ തീപിടുത്തം; നാലാം നില പൂര്‍ണ്ണമായും കത്തി നശിച്ചു

കൊച്ചി: കൊച്ചി ഇടപ്പള്ളിക്ക് സമീപമുള്ള ഒബറോണ്‍ മാളില്‍ വന്‍ തീപിടുത്തം. ഫുഡ് കോര്‍ട്ടിലാണ് ആദ്യം തീ പടര്‍ന്നത്. നാലാം നില പൂര്‍ണ്ണമായും കത്തി നശിച്ചു. സുരക്ഷയുടെ ഭാഗമായി ആളുകളെ മാളില്‍ നിന്നും പൂര്‍ണ്ണമായും ഒഴിപ്പിച്ചു.

ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് വിവരം. സംഭവം നടക്കുമ്പോള്‍ മാളില്‍ തിരക്കുണ്ടായിരുന്നുവെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പ്രദേശവാസികളും, ഒബറോണ്‍ മാള്‍ സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്നാണ് ആദ്യം തീയണച്ചത്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് ആണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം സംഭവസ്ഥലത്തെത്തിയിരുന്നു.

തീ ഇപ്പോള്‍ നിയന്ത്രണ വിധേയമായെന്നും അപകടത്തില്‍ ആര്‍ക്കും പൊള്ളലേറ്റിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

മാളിലെ എല്ലാ സുരക്ഷാ സംവിധാനങ്ങളും കൃത്യമായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് തീ കൂടുതല്‍ ഭാഗങ്ങളിലേക്കു പടരാതിരുന്നതെന്ന് അഗ്‌നിശമനസേനയും അറിയിച്ചു.

അപകടത്തെക്കുറിച്ച് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി.

Top