പശ്ചിമബംഗാളിൽ ഇടതുപക്ഷത്തിന്റെ വമ്പൻ മുന്നേറ്റം, മമതയുടെ തട്ടകത്തിൽ തൃണമൂൽ സർക്കാരിനെ വിറപ്പിച്ച് ഡി.വൈ.എഫ്.ഐ

രൊറ്റ റാലി കൊണ്ട് ബംഗാള്‍ രാഷ്ട്രീയത്തെ തന്നെ പിടിച്ചു കുലുക്കിയിരിക്കുകയാണിപ്പോള്‍ ഡി.വൈ.എഫ്.ഐ…. മമത ഭരണത്തിനു കീഴില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ചിറകറ്റു വീണെന്ന് വിധി എഴുതിയവരുടെ സകല കണക്ക് കൂട്ടലുകളും തെറ്റിച്ച മഹാ യുവജനപ്രളയത്തിനാണ് ജനുവരി ഏഴിന് ബ്രിഗേഡ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചിരിക്കുന്നത്. പത്തുലക്ഷം പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഈ ഗ്രൗണ്ട് നിറഞ്ഞ് കവിഞ്ഞ ജനക്കൂട്ടം രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ആവേശവും വളരെ വലുതാണ്. 50 ദിവസം നീണ്ടുനിന്ന ഇന്‍സാഫ് യാത്രയാണ് ഏഴ് കൂറ്റന്‍ റാലികളോടെ, ബ്രിഗേഡ് ഗ്രൗണ്ടില്‍ സംഗമിച്ചിരിക്കുന്നത്.

സി.പി.എമ്മിന്റെ യുവജന വിഭാഗമായ ഡി.വൈ.എഫ്.ഐക്കു മാത്രമായി ഇത്രയധികം ആളുകളെ റാലിയില്‍ അണിനിരത്താന്‍ കഴിയുമെങ്കില്‍ സി.പി.എമ്മിന്റെ മറ്റു വര്‍ഗ്ഗ ബഹുജന സംഘടനകള്‍ എല്ലാം ചേര്‍ന്ന് ഒരു റാലി നടത്തിയാല്‍ എന്താകും അവസ്ഥയെന്നത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും തൃണമൂല്‍ കോണ്‍ഗ്രസ്സിനെയും ആശങ്കപ്പെടുത്തുന്നതാണ്. ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്ര – സംസ്ഥാന ഭരണകൂടങ്ങള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച റാലിയാണ് തൃണമൂലിന്റെയും ബി.ജെ.പിയുടെയും ഉറക്കം കെടുത്തുന്നത്. നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ ഒരുറാലി ഡി.വൈ.എഫ്.ഐ നേരിട്ട് സംഘടിപ്പിക്കുന്നത്. സംഘാടകരെ പോലും അമ്പരിപ്പിച്ച യുവജന പങ്കാളിത്വമാണ് റാലിയില്‍ ഉണ്ടായിരിക്കുന്നത്.

പശ്ചിമ ബംഗാളില്‍ ഇനിയൊരു തിരിച്ചു വരവ് പ്രയാസമാണെന്ന് കരുതി, നിര്‍ജീവമായ സി.പി.എം പ്രവര്‍ത്തകര്‍ക്കും, തൃണമൂല്‍ ആക്രമണത്തെ തുടര്‍ന്ന് സ്വന്തം ഗ്രാമങ്ങള്‍ ഉപേക്ഷിച്ചു പോയവര്‍ക്കുമെല്ലാം… ആത്മവിശ്വാസത്തോടെ ചെങ്കൊടി പിടിക്കാനുള്ള അവസരമാണ് , ഡി.വൈ.എഫ്.ഐ ഇപ്പോള്‍ തുറന്നു കൊടുത്തിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകസഭ തിരഞ്ഞെടുപ്പില്‍ , ബി.ജെ.പിയാണ് പ്രധാന എതിരാളിയെന്ന് പ്രഖ്യാപിച്ച തൃണമൂല്‍ കോണ്‍ഗ്രസ്സിന് , അപ്രതീക്ഷിതമായ വെല്ലുവിളിയാണ് ഇടതുപക്ഷം ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. ദേശീയ തലത്തില്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായ തൃണമൂല്‍ കോണ്‍ഗ്രസ്സുമായി, ഒരുതരത്തിലുള്ള സഹകരണത്തിനും, സി.പി.എം തയ്യാറല്ലെന്നാണ് നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ്സിന് മമത ബാനര്‍ജി വാഗ്ദാനം ചെയ്ത രണ്ട് സീറ്റ് വേണ്ടന്ന് കോണ്‍ഗ്രസ്സ് നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. 42 ലോകസഭ അംഗങ്ങളുള്ള പശ്ചിമ ബംഗാളില്‍ 2019 – ലെ തിരത്തെടുപ്പില്‍ , തൃണമൂല്‍ കോണ്‍ഗ്രസ്സ് 22 സീറ്റുകളും ബി.ജെ.പി 18 സീറ്റുകളുമാണ് നേടിയിരുന്നത്. രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസ്സിനും ലഭിക്കുകയുണ്ടായി. മുകള്‍റോയ് അടക്കമുളള പ്രമുഖ തൃണമൂല്‍ നേതാക്കളും പ്രവര്‍ത്തകരും ബി ജെ പിയില്‍ ചേക്കേറിയതോടെയാണ് , തൃണമൂല്‍ – ബി.ജെ.പി നേരിട്ടുള്ള മത്സരത്തിന് കളമൊരുങ്ങിയിരുന്നത്. എന്നാല്‍ , ഇപ്പോഴത്തെ അവസ്ഥ അതല്ല. തൃണമൂലില്‍ നിന്നും ബി.ജെ.പിയില്‍ എത്തിയവരില്‍ നല്ലൊരു വിഭാഗം , ഇതിനകം തന്നെ, തിരിച്ച് തൃണമൂലിലും മറ്റു പാര്‍ട്ടികളിലും ചേക്കേറി കഴിഞ്ഞു. തുടര്‍ച്ചയായി ബംഗാള്‍ ഭരിക്കുന്ന മമത സര്‍ക്കാറിനെതിരായ ജനവികാരം ആളിക്കത്തിച്ച് , ഇടതുപക്ഷ സംഘടനകളും കളം നിറഞ്ഞു കഴിഞ്ഞു. 34 വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തെ എങ്ങനെയാണോ തൃണമൂല്‍ കോണ്‍ഗ്രസ്സ് വീഴ്ത്തിയത് , അതിന് സമാനമായ അവസ്ഥയെയാണ് ഇനി മമതയ്ക്കും , തൃണമൂല്‍ കോണ്‍ഗ്രസ്സിനും നേരിടേണ്ടി വരിക. കാര്യങ്ങള്‍ പോകുന്നതും ആ ദിശയിലേക്ക് തന്നെയാണ്.

പ്രത്യയശാസ്ത്രമോ, രാഷ്ട്രീയ ധാര്‍മ്മികതയോ ഇല്ലാത്ത പാര്‍ട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ്. അതിന് ചൂണ്ടിക്കാണിക്കാന്‍ നിരവധി ഉദാഹരണങ്ങളുമുണ്ട്. 2011-ല്‍ തൃണമൂല്‍ ഭരണം പിടിക്കുമ്പോഴുള്ള അവസ്ഥയല്ല , ഇന്ന് ആ പാര്‍ട്ടിക്ക് ബംഗാളിലുള്ളത്. മോദിയെ മുന്‍പ് എതിര്‍ത്ത ശൗര്യമൊന്നും , ഇപ്പോള്‍ മമതയ്ക്കില്ല. അത്തരം ഒരു വാര്‍ത്തയും ബംഗാളില്‍ നിന്നും പുറത്തു വരുന്നില്ലന്നതാണ് യാഥാര്‍ത്ഥ്യം. തൃണമൂല്‍ ഭരണത്തെ ജനങ്ങള്‍ക്കും മടുത്തു തുടങ്ങി. അഴിമതിയും ഗുണ്ടായിസവും , സഹിക്കുന്നതിലും അപ്പുറമാണ്. ഇതിലൊക്കെയുള്ള പ്രതിഷേധമാണ് , ഡി.വൈ.എഫ്.ഐ റാലിയിലൂടെ പൊട്ടിഒഴികിയിരിക്കുന്നത്.

ഇടതുപക്ഷ നേതാക്കളേക്കാള്‍ ചങ്കൂറ്റം , പശ്ചിമ ബംഗാളില്‍ അവരുടെ അണികള്‍ക്കാണുള്ളത്. ഇടതുപക്ഷ ഭരണം വീണതിനെ തുടര്‍ന്ന് , മമതയെ രക്ഷകയായി കണ്ട ന്യൂനപക്ഷങ്ങള്‍ക്കും , അവരെ ഇപ്പോള്‍ മടുത്തു തുടങ്ങിയിട്ടുണ്ട്. ഇടതുപക്ഷ ഭരണകാലത്ത് ഒരു വര്‍ഗ്ഗീയ കലാപവും ഉണ്ടാകാതിരുന്ന പശ്ചിമ ബംഗാളില്‍ , മമത ഭരണം പിടിച്ച ശേഷം നടന്നതാകട്ടെ , നിരവധി കലാപങ്ങളാണ്. ഇടതുപക്ഷ ഭരണത്തില്‍ ഒരു സീറ്റ് പോലും ലഭിക്കാതിരുന്ന ബി.ജെ.പിക്ക് , 18 ലോകസഭ സീറ്റുകള്‍ ലഭിച്ചതും , മമതയുടെ തൃണമൂല്‍ ഭരിക്കുമ്പോഴാണ്, ഇതെല്ലാം വൈകിയെങ്കിലും , ബംഗാളിലെ മതന്യൂനപക്ഷങ്ങളും ഇപ്പോള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ, മമത ബാനര്‍ജി പ്രസ്താവനയില്‍ പ്രതികരണം ഒതുക്കിയപ്പോള്‍, ഇടതുപക്ഷം ഭരിക്കുന്ന കേരള നിയമസഭയാണ്, രാജ്യത്ത് തന്നെ ആദ്യമായി പ്രമേയം പാസാക്കിയിരുന്നത്. ഇത് കണ്ടാണ് പിന്നീട് മമതയുടെ ബംഗാള്‍ നിയമസഭയും , അന്ന് ഭരണത്തിലുണ്ടായിരുന്ന ചില കോണ്‍ഗ്രസ്സ് സര്‍ക്കാറുകളും പ്രമേയം പാസാക്കിയിരുന്നത്. ബി.ജെ.പി സര്‍ക്കാറിനെതിരായ മമതയുടെ നിലപാടില്‍ തന്നെ കാപട്യം ഉണ്ടെന്നാണ് സി.പി.എം ആരോപിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ കണ്ണില്‍പൊടിയിട്ട് , ആ നിര്‍ണ്ണായക വോട്ട് ബാങ്കിനെ ഒപ്പം നിര്‍ത്തി , സംസ്ഥാന ഭരണം നിലനിര്‍ത്താനാണ് , എല്ലാ ഘട്ടത്തിലും മമത സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് പ്രധാന ആക്ഷേപം. രാജ്യത്തെ ആദ്യ ബി.ജെ.പി മന്ത്രിസഭയില്‍ അംഗമായ തൃണമൂല്‍ കോണ്‍ഗ്രസ്സ്, അവസരം ലഭിച്ചാല്‍ ഇനി വീണ്ടും ബി.ജെ.പി മന്ത്രിസഭയില്‍ അംഗമാകുമെന്നതാണ് , സി.പി.എം വിലയിരുത്തല്‍. ഇതും , ഒരു രാഷ്ട്രീയ ക്യാംപയിനായി തന്നെ, സി.പി.എമ്മും മറ്റ് ഇടതു സംഘടനകളും ബംഗാളില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

പശ്ചിമ ബംഗാളിലെ , പൊതുതിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി തിരിച്ചടി നേരിട്ട സി.പി.എം , അതിന്റെ വര്‍ഗ്ഗ ബഹുജന സംഘടനകളെ മുന്‍ നിര്‍ത്തി , ശക്തമായ പ്രക്ഷോഭമാണ് അടുത്ത കാലത്തായി ബംഗാളില്‍ നടത്തി വരുന്നത്. എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും മാത്രമല്ല , വിവിധ ഇടതുപക്ഷ ട്രേഡ് യൂണിയനുകളും , പ്രക്ഷോഭ രംഗത്ത് സജീവമാണ്. ഈ പോരാട്ടങ്ങള്‍ നല്‍കിയ ഊര്‍ജ്ജമാണ് ബ്രിഗേഡ് ഗ്രൗണ്ടിലും ഇപ്പോള്‍ ദൃശ്യമായിരിക്കുന്നത്. റാലിയില്‍ പങ്കെടുത്തതിനേക്കാള്‍ എത്രയോ ഇരട്ടിപ്പേര്‍ , ഇടതുപക്ഷത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പുറത്തുണ്ടെന്നതും , നാം തിരിച്ചറിയണം. അതില്‍ യുവാക്കളും വിദ്യാര്‍ത്ഥികളും സ്ത്രീകളും മാത്രമല്ല. കര്‍ഷകരും , തൊഴിലാളികളും , കച്ചവടക്കാരും ഉള്‍പ്പെടെ , അനവധി സാധാരണക്കാരുമുണ്ട്. ഇവര്‍ക്കെല്ലാം , ബൂത്തിലെത്തി നിര്‍ഭയമായി വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചാല്‍ , തീര്‍ച്ചയായും ബംഗാളില്‍ ചുവപ്പിന്റെ തിരിച്ചു വരവിനുള്ള കളമാണ് ഒരുങ്ങുക. അതാകട്ടെ , ഇപ്പോള്‍ വ്യക്തവുമാണ് . . .

ഡി.വൈ.എഫ്.ഐ റാലിയുടെ വന്‍ വിജയത്തിനു പിന്നാലെ , ലോകസഭ തിരഞ്ഞെടുപ്പില്‍ സഖ്യമാകണമെന്നാവശ്യപ്പെട്ട് , കോണ്‍ഗ്രസ്സ് നേതൃത്വം ഇതിനകം തന്നെ , സി.പി.എം നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ്സുമായല്ല , സി.പി.എമ്മുമായാണ് സഖ്യം വേണ്ടതെന്നാണ് , കോണ്‍ഗ്രസ്സിന്റെ പശ്ചിമ ബംഗാള്‍ ഘടകം , ദേശീയ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ , കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ , ഈ കാഴ്ചയും കാണുക തന്നെ വേണം. പശ്ചിമ ബംഗാളില്‍ , രണ്ട് സീറ്റ് നല്‍കാനുള്ള കരുത്തേ കോണ്‍ഗ്രസ്സിന് ഒള്ളൂ എന്നു പറഞ്ഞിരിക്കുന്നത് , തൃണമൂല്‍ കോണ്‍ഗ്രസ്സാണ്. തൃണമൂലിന്റെ പിറവിക്ക് തന്നെ കാരണക്കാരായ കോണ്‍ഗ്രസ്സിന് , അര്‍ഹിച്ച മറുപടി തന്നെയാണിത്. കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ , സി.പി.എമ്മിന്റെ വോട്ടുകള്‍ ഉള്‍പ്പെടെ വാങ്ങി വിജയിച്ച കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയാണ് , നേരം ഇരുട്ടി വെളുക്കുന്നതിനു മുന്‍പുതന്നെ , തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ കൂടാരത്തില്‍ ചേക്കേറിയിരിക്കുന്നത്. ഖദര്‍ എത്ര വേഗമാണോ കാവിയണിയുന്നത് , അതേ വേഗത്തില്‍ തന്നെയാണ് , തൃണമൂല്‍ ആയും രൂപാന്തരം പ്രാപിക്കുന്നത്. വല്ലാത്തൊരു അവസ്ഥ തന്നെയാണിത്. അതെന്തായാലും , പറയാതെ വയ്യ . . .

EXPRESS KERALA VIEW

Top