എഎഫ്‌സി വനിത ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഗോകുലം കേരള എഫ്‌സിക്ക് ചരിത്രവിജയം

ബാങ്കോക് : എഎഫ്‌സി വനിത ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഗോകുലം കേരള എഫ്‌സിക്ക് ചരിത്രവിജയം. ബാങ്കോക് എഫ്‌സിയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഗോകുലം വനിതകള്‍ ചരിത്ര വിജയം നേടിയത്. ഓരോ തവണയും പിന്നില്‍ നിന്നശേഷമാണ് തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ ഗോകുലം ലീഡ് നേടിയെടുത്തത്.

നാലു ടീമുകളുടെ ഗ്രൂപ്പില്‍ ഗോകുലം രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാര്‍ മാത്രം അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുന്നതിനാല്‍ ജപ്പാന്‍ ക്ലബായ ഉറവ റെഡ് അടുത്ത റൗണ്ടിലെത്തി. ഉറവ റെഡിനോട് മാത്രമാണ് ഗോകുലം ഗ്രൂപ്പില്‍ തോറ്റത്.

ആദ്യപകുതിയില്‍ സ്‌കോര്‍ 2 -1 എന്ന നിലയില്‍ ബാങ്കോക് ടീം ലീഡ് ചെയ്തു. എന്നാല്‍ ഗോകുലം കേരളയുടെ വിദേശതാരമായ വെറോണിക്ക ആപ്പിയാഹ് നേടിയ തകര്‍പ്പന്‍ ഹാട്രിക്ക് മത്സരഫലം മാറ്റിമറിച്ചു. ഇറാനിയന്‍ താരം ഹാജര്‍ ദബാഗിയാണ് ഗോകുലത്തിനായി ആദ്യ പകുതിയിലെ ഗോള്‍ നേടിയത്. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിലെ ഗോകുലം വനിതകളുടെ ഏറ്റവും മികച്ച വിജയമാണിത്.

 

Top