‘എ ഹീറോ’ കാന്‍സ് ഫിലിം ഫെസ്റ്റിവലിലേക്ക്; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

സെപ്പറേഷന്‍, ദി സെയില്‍സ്മാന്‍, എവരിബഡി നോസ് തുടങ്ങിയ വിഖ്യാത ചിത്രങ്ങളുടെ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ ഏറ്റവും പുതിയ ചിത്രം എ ഹീറോയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. അമീര്‍ ജദീദി, സറീന ഫര്‍ഹാദി, മുഹ്‌സിന്‍ തനബന്ദെ എന്നിവരാണ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ പ്രീമിയര്‍ കാന്‍സ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ അരങ്ങേറും.

ഇറാനിയന്‍ സംവിധായകനും തിരക്കഥാകൃത്തുമായ അസ്ഗര്‍ ഫര്‍ഹാദിയുടെ എവരിബഡി നോസ് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് ഐഎഫ്എഫ്‌കെയില്‍ ഗംഭീര പ്രതികരണം ലഭിച്ചിരുന്നു.2017ല്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ ദി സെയ്ല്‍സ്മാന്‍ ഓസ്‌കറില്‍ മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് ഫര്‍ഹാദി ഓസ്‌കര്‍ ചടങ്ങ് ബഹിഷ്‌കരിച്ചത് അവാര്‍ഡ് നിശയിലെ ശ്രദ്ധേയ സംഭവമായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ കാന്‍സ് ഫിലിം ഫെസ്റ്റിവലിന്റെ 73-ാം പതിപ്പ് ഒഴിവാക്കിയിരുന്നു. എന്നാല്‍, 12 ദിവസം നീളുന്ന ചലച്ചിത്രമേളയായി 74-ാം പതിപ്പ് നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

മെയ് പകുതി മുതല്‍ ആരംഭിക്കേണ്ടിയിരുന്ന ചലച്ചിത്രോത്സവം ജൂണ്‍ ആറിന് കൊടിയേറും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മേള സംഘടിപ്പിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള 16 രാജ്യങ്ങളാണ് കാന്‍സ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നത്.

 

Top