പട്ടിണിയും ദുരിതവും; യുപിയില്‍ തൊഴിലാളികള്‍ തൊഴില്‍ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക്

ന്യൂഡല്‍ഹി: പട്ടിണിയും ദുരിതവും സഹിക്കാനാകാതെ ഉത്തര്‍പ്രദേശ് സ്വദേശികളായ തൊഴിലാളികള്‍ കൂട്ടത്തോടെ തൊഴില്‍ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക്. കോവിഡ് ഭീതിയില്‍ ജന്മനാട്ടില്‍ തിരിച്ചെത്തിയവരാണ് കുടുംബത്തെ ദുരിതത്തില്‍ നിന്നും കരകയറ്റാന്‍ തൊഴില്‍ തേടി വീണ്ടും പുറത്തേക്ക് പോകുന്നത്.

യുപി റെയില്‍വേ സ്റ്റേഷനുകളും ബസ്സ്റ്റാന്‍ഡുകളും തിരിച്ചുപോകുന്ന തൊഴിലാളികളെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. യുപിയില്‍ തൊഴിലുണ്ടായിരുന്നെങ്കില്‍ മുംബൈയിലേക്ക് വീണ്ടും പോകേണ്ടിവരില്ലായിരുന്നുവെന്ന് ഗോരഖ്പുര്‍ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുന്ന ഖുര്‍ഷീദ് അന്‍സാരി പ്രതികരിച്ചു.

‘മുംബൈയില്‍ ജോലി ചെയ്തിരുന്ന ടെയിലറിങ് യൂണിറ്റ് തുറന്നിട്ടില്ല. മറ്റെന്തെങ്കിലും തൊഴില്‍ കിട്ടുമോയെന്ന് നോക്കണം. കുഞ്ഞുങ്ങള്‍ പട്ടിണികിടന്ന് മരിക്കുന്നതിനേക്കാള്‍ ഭേദമാണ് ഞാന്‍ കൊറോണ പിടിച്ച് മരിക്കുന്നത്”- അന്‍സാരി വികാരഭരിതനായി.

തൊഴില്‍തേടി പുറത്തേക്ക് പോകാതെ മറ്റ് വഴിയില്ലെന്ന് കൊല്‍ക്കത്തയിലെ കമ്പനി ജീവനക്കാരനായ പ്രസാദ് പറഞ്ഞു. ‘കമ്പനി വീണ്ടും തുറന്നു. രോഗം പടര്‍ന്നതില്‍ ഭയമുണ്ട്. ഭാര്യയെയും അഞ്ച് കുട്ടികളെയും പോറ്റാനുണ്ട്”-പ്രസാദ് പറഞ്ഞു. രോഗഭീതിയില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നും 30 ലക്ഷത്തിലധികം തൊഴിലാളികള്‍ ഉത്തര്‍പ്രദേശില്‍ എത്തിയെന്നാണ് കണക്ക്. തിരിച്ചെത്തിയവര്‍ക്കെല്ലാം തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിന് കഴിവുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അവകാശവാദത്തിലെ പൊള്ളത്തരം വെളിവാക്കുന്നതാണ് നാടുവിടുന്ന തൊഴിലാളികളുടെ വാക്കുകള്‍.

Top