അച്ചന്‍കോവിലില്‍ ട്രെക്കിങിന് പോയി ഉള്‍വനത്തില്‍ അകപ്പെട്ട വിദ്യാര്‍ഥി സംഘത്തെ പുറത്തെത്തിച്ചു

കൊല്ലം: അച്ചന്‍കോവില്‍ കോട്ടവാസല്‍ ഭാഗത്ത് ട്രെക്കിങിന് പോയി വനത്തില്‍ അകപ്പെട്ട വിദ്യാര്‍ഥി സംഘത്തെ പുറത്തെത്തിച്ചു. ക്ലാപ്പന ഷണ്‍മുഖവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 32 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമടങ്ങിയ സംഘത്തെയാണ് രക്ഷപ്പെടുത്തിയത്. 17 ആണ്‍കുട്ടിയും 15 പെണ്‍കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. സംഘത്തിലെ കൂടുതല്‍ പേരും പ്ലസ് ടു വിദ്യാര്‍ഥികളായിരുന്നു. രക്ഷപ്പെടുത്തിയ വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് അധികൃതര്‍ അറിയിച്ചു. അച്ഛന്‍കോവില്‍ കോട്ടവാസല്‍ ചെക്‌പോസ്റ്റ് ഭാഗത്ത് നിന്ന് അഞ്ചര കിലോമീറ്റര്‍ ഉള്‍വനത്തിലായിരുന്നു സംഘം കുടുങ്ങിയത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഘം വനത്തില്‍ കുടുങ്ങിക്കിടക്കുന്ന വിവരം അധികൃതര്‍ അറിയുന്നത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും വനംവകുപ്പും സംഭവസ്ഥലത്ത് വിദ്യാര്‍ത്ഥി സംഘത്തെ പുറത്തെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും കനത്ത മഴയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് തടസം നേരിടുകയായിരുന്നു.15ഓളം വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും മഴയെ വകവെക്കാതെ സംഭവ സ്ഥലത്ത് എത്തിയത്. രാത്രി ഒന്‍പതോടെ സംഘങ്ങള്‍ നില്‍ക്കുന്ന സ്ഥലം മനസ്സിലാക്കി ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.

മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സിന്റെ പഠനയാത്രയുടെ ഭാഗമായിട്ടായിരുന്നു കുട്ടികള്‍ അച്ചന്‍കോവിലിലേക്കെത്തിയത്. ഞായറാഴ്ച രാവിലെ കോട്ടവാസല്‍ ഭാഗത്ത് വനപാലകരുടെ നേതൃത്വത്തില്‍ ട്രെക്കിങ്ങിനുപോയ സംഘം മടങ്ങുന്നതിനിടെ കനത്ത മഴയെ തുടര്‍ന്ന് വനത്തിന് അകത്ത് അകപ്പെടുകയായിരുന്നു.

Top