a group of people attacked young man

attack

തിരുവനന്തപുരം: ബൈക്ക് യാത്രക്കാരായ യുവാക്കളെ അക്രമി സംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. ബൈക്ക് യാത്രികരായ രണ്ടു പേര്‍ക്കും അക്രമി സംഘത്തിലെ ഒരാളും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമിസംഘത്തിലെ ഒരാളെ കോവളം പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരായ കോവളം പടിഞ്ഞാറെ പൂങ്കുളം കുഴിയന്‍വിള വീട്ടില്‍ സുരേഷ്ബാബു (36), സുഹൃത്ത് സുധീര്‍ എന്ന് വിളിയ്ക്കുന്ന രതീഷ് (35), എന്നിവരെ മെഡിക്കല്‍ കോളജിലും അക്രമിസംഘത്തിലെ കല്ലടിച്ചാന്‍മൂല സ്വദേശി സതീഷ് കുമാറിനെ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കല്ലടിച്ചാന്‍മൂല സ്വദേശികളായ ഹരിചന്ദ്രന്‍, വിനായകന്‍, ഉണ്ണി കണ്ടാലറിയാവുന്ന അഞ്ച് പേര്‍ എന്നിവര്‍ക്കെതിരേ കൊലപാതകശ്രമത്തിന് കോവളം പോലീസ് കേസെടുത്തു.

തിങ്കളാഴ്ച രാത്രി 9.30 ഓടെ പടിഞ്ഞാറെ പൂങ്കുളം ആര്‍ഷ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം നടന്നത്. ബൈക്കിലെത്തിയ സംഘത്തെ തടഞ്ഞുനിര്‍ത്തിയ അക്രമികള്‍ യുവാക്കളെ കമ്പിപാരക്ക് അടിച്ച് വീഴ്ത്തി വാള്‍കൊണ്ട് വെട്ടുകയായിരുന്നുവെന്ന് കോവളം എസ്‌ഐ അറിയിച്ചു.

ഗുരുതര പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. അക്രമത്തിന് കാരണം മുന്‍ വൈരാഗ്യമാണെന്ന് പോലീസ് പറഞ്ഞു. ഹരിചന്ദ്രനാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

Top