കെഎസ്‌യു സമ്മേളനത്തിൽ വർഗീയവാദികൾ കൊലപ്പെടുത്തിയ രക്തസാക്ഷിയെ അവഗണിച്ചെന്ന് ഒരു വിഭാഗം നേതാക്കൾ

ആറന്മുള: കെഎസ്‌യു ജില്ലാ സമ്മേളനം ഗ്രൂപ്പ് യോഗം ആക്കിയെന്ന് പരാതിയുമായി ഒരു വിഭാഗം നേതാക്കൾ രംഗത്ത്. കെഎസ്‌യു പത്തനംത്തിട്ട ജില്ലാ സമ്മേളനത്തിനെതിരായാണ് ആക്ഷേപം. സ്ഥാപക നേതാവായ രക്തസാക്ഷിയെ മറന്നതായും ആക്ഷേപമുണ്ട്. ജില്ലയിലെ ഉന്നത നേതാക്കളെയും സമ്മേളനത്തില്‍ നിന്ന് ഒഴിവാക്കി എന്ന പരാതിയും ഉണ്ട്. കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമലക്കും, ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പിലിനും എതിരായാണ് ആക്ഷേപം.

കോഴഞ്ചേരി സെന്റ് തോമസ് കോളജ് യൂണിയൻ ചെയർമാനുമായിരുന്ന ജോർജ് എം ഇടുക്കിളയെ അവ​ഗണിച്ചതാണ് കടുത്ത പ്രതിഷേധത്തിന് കാരണമായത്. യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ വൈസ് പ്രസിഡന്റും, കെഎസ്‌യു സംസ്ഥാന ഭാരവാഹിയുമായിരുന്ന ഇടിക്കുളയെ ഹിന്ദുവർ​ഗീയ വാദികളാണ് കുത്തിക്കൊന്നത്.

കോഴഞ്ചേരിയിൽ ജില്ലാ സമ്മേളനം നടക്കുമ്പോൾ സമ്മേളന നഗറിന് ഇടിക്കുളയുടെ പേരിടണമെന്നാണ് പ്രദേശത്തെ നേതാക്കൾ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അത് വെട്ടിമാറ്റി. സമ്മേളന നഗറിന് ചുറ്റുവട്ടത്തുള്ളവരെ പോലും സമ്മേളനത്തിന്റെ എല്ലാ നടപടികളില്‍ നിന്നും ഒഴിവാക്കി. ജോർജ് മാമൻ കൊണ്ടൂർ, എഐസിസി അംഗം മാലേത്ത് സരളാദേവി, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ ഡോ.സജി ചാക്കോ, അന്നപൂർണ്ണാ ദേവി, കെ കെ റോയിസൺ തുടങ്ങിയവരെയാണ് ഒഴിവാക്കിയത്. ഡിസിസി മുൻ പ്രസിഡന്റും രണ്ടു തവണ എംഎൽഎയുമായിരുന്ന അഡ്വ.കെ ശിവദാസന്‍ നായരെ ഒരു സെമിനാറിലേക്ക് മാത്രമാണ് ക്ഷണിച്ചത്. ജില്ലയിലെ പുതിയ ഗ്രൂപ്പ് നേതാക്കളാണ് ഈ നടപടിക്ക് പിന്നിലെന്നാണ് എതിര്‍ വിഭാ​ഗം ആരോപിക്കുന്നത്.

Top