പാർട്ടിയെ അപമാനിച്ചു; അശോക് ഗെലോട്ടിനെ കോൺഗ്രസ് പ്രസിഡന്റ് ആക്കരുതെന്ന് ഒരു വിഭാഗം നേതാക്കൾ

ഡൽഹി: രാജസ്ഥാനിലെ നാടകീയ സംഭവവികാസങ്ങളെത്തുടർന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തി. ഗെലോട്ടിനെ കോൺഗ്രസ് പ്രസിഡന്റ് ആക്കരുതെന്നാണ് ആവശ്യമുയരുന്നത്. എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും അശോക് ഗെലോട്ടിനെ മാറ്റണമെന്നും ആവശ്യപ്പെടുന്നു.

കോൺഗ്രസ് ഹൈക്കമാൻഡിനെ അപമാനിക്കുന്നതായി രാജസ്ഥാനിൽ ഗെലോട്ടിന്റെ നീക്കങ്ങളെന്നാണ് ആരോപണം. സംസ്ഥാനത്തെ സ്ഥിതിഗതികൾ വഷളാക്കിയത് ഗെലോട്ടാണ്. അത്തരമൊരാളെ എഐസിസി പ്രസിഡന്റ് ആക്കരുതെന്നും ഇവർ വ്യക്തമാക്കുന്നു.

രാജസ്ഥാൻ കോൺഗ്രസിൽ പ്രശ്‌നം വഷളായതിൽ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കടുത്ത അതൃപ്തിയുണ്ട്. ഗെലോട്ട് ഒഴിയുമ്പോൾ പകരം, സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് രാഹുലും സോണിയയും നിർദേശിച്ചിരുന്നത്. എന്നാൽ സച്ചിനെ അംഗീകരിക്കാനാകില്ലെന്നും , രാജി വെക്കുമെന്നും ഭീഷണി മുഴക്കി ഗെലോട്ട് പക്ഷത്തുള്ള എംഎൽഎമാർ രംഗത്തെത്തുകയായിരുന്നു.

ഇതേത്തുടർന്ന് നിയമസഭാകക്ഷിയോഗം റദ്ദാക്കുകയായിരുന്നു. കാര്യങ്ങൾ തന്റെ നിയന്ത്രണത്തിലല്ലെന്നാണ് അശോക് ഗെലോട്ട് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനോട് പറഞ്ഞത്. കോൺഗ്രസ് കേന്ദ്ര നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയെയും അജയ് മാക്കനെയും ഹൈക്കമാൻഡ് തിരികെ വിളിച്ചു. അശോക് ഗെലോട്ടിനേയും, സച്ചിൻ പൈലറ്റിനേയും ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്.

Top