മലപ്പുറം: കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോള്‍ ഗ്രൂപ്പ് സമവാക്യം അട്ടിമറിച്ച് ആര്യാടന് മുഹമ്മദിനൊപ്പം നിന്നവരെ കൂട്ടത്തോടെ വെട്ടിനിരത്തി. ശക്തമായി തിരിച്ചടിക്കണമെന്ന തീരുമാനവുമായി എ ഗ്രൂപ്പ് മലപ്പുറത്ത് രഹസ്യയോഗം ചേര്‍ന്ന് നേതൃത്വത്തെ ഞെട്ടിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം മലപ്പുറം കോട്ടപ്പടിയിലെ മുഹമ്മദ് അബ്ദുറഹിമാന് സ്മാരക ട്രസ്റ്റ് ഓഫീസിലാണ് രഹസ്യയോഗം ചേര്‍ന്നത്. കെ.പി.സി.സി അംഗങ്ങളും, ഡി.സി.സി ഭാരവാഹികളും, മണ്ഡലം പ്രസിഡന്റുമാരും ബ്ലോക്ക് പ്രസിഡന്റുമാരും ഭാരവാഹികളുമടക്കം ജില്ലയിലെ 300 റോളം നേതാക്കളാണ് യോഗത്തിനെത്തിയത്.
മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി വെട്ടിനിരത്തിയാല്‍ പ്രവര്‍ത്തകരെ അണിനിരത്തി നേരിടാനാണ് ഗ്രൂപ്പ് യോഗത്തിലെ തീരുമാനം. മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മൗലാനാ അബുല്‍കലാം അസാദിന്റെ 100-ാം ജന്മവാര്ഷികദിനത്തിന്റെ ഭാഗമായി 22ന് മലപ്പുറത്ത് ചരിത്രസെമിനാര്‍ നടത്തി ശക്തി തെളിയിക്കാനും യോഗത്തില്‍ തീരുമാനമുണ്ടായി. അതേസമയം ഗ്രൂപ്പ് യോഗമല്ലെന്നും ആര്യാടന് മുഹമ്മദ് ഫൗണ്ടേഷന്റെ യോഗമാണ് ചേര്‍ന്നതെന്നുമാണ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്തിന്റെ വിശദീകരണം.
മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ കരീം, ഡി.സി.സി ഭാരവാഹികളായ വി. സുധാകരന്, വീക്ഷണം മുഹമ്മദ്, വല്ലാഞ്ചിറ ഷൗക്കത്തലി, പി. രാധാകൃഷ്ണന്, അഡ്വ. കെ.എ പത്മകുമാര്‍, പന്ത്രോളി മുഹമ്മദലി, സമദ് മങ്കട, ഉമ്മര്‍കുരിക്കള്‍, അഡ്വ. എന്‍.എ ജോസഫ്, ഇഫ്തിഖാറുദ്ദീന്, ഒ. രാജന്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, ജനറല്‍ സെക്രട്ടറിമാരായ നൗഫല്‍ബാബു, നിധീഷ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വനജ അടക്കം മുതിര്‍ന്ന എ ഗ്രൂപ്പ് നേതാക്കളെല്ലാം യോഗത്തിനെത്തി. പുതിയ ബ്ലോക്ക് പ്രസിഡന്റ്മാരില് 10 പേരും എത്തിയിരുന്നു. ഒരാള്‍ ആശുപത്രിയിലായതിനാലാണ് എത്താതിരുന്നതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
മലപ്പുറത്തെ 32 ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരുടെ പട്ടികയില്‍ കേവലം 11 പേരെയാണ് എ ഗ്രൂപ്പിന് നല്‍കിയത്. കഴിഞ്ഞ തവണ 24 ബ്ലോക്ക് പ്രസിഡന്റുമാരുണ്ടായിരുന്ന എ ഗ്രൂപ്പിനെ വെട്ടിനിരത്തി എ.പി അനില്‍കുമാര്‍ എം.എല്‍.എയും ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയും ചേര്‍ന്ന പുതിയ ഗ്രൂപ്പാണ് കൂടുതല്‍ പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കിയത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനൊപ്പം നില്ക്കുന്നവര് 4 ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം നേടി. ഐ ഗ്രൂപ്പിലെ രമേശ് ചെന്നിത്തലവിഭാഗമായ പി.ടി അജയ്മോഹനനൊപ്പമുള്ളവര്ക്ക് 2 ബ്ലോക്ക് പ്രസിഡന്റ്മാരാണുള്ളത്.
1992ല്‍ ബൂത്ത്തലം മുതല്‍ സംഘടനാതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ എ ഗ്രൂപ്പ് 24 ബ്ലോക്ക് പ്രസിഡന്റുമാരുമായി മൃഗീയ ഭൂരിപക്ഷമാണ് മലപ്പുറത്ത് നേടിയത്. ഐ ഗ്രൂപ്പിനാവട്ടെ കേവലം 6 ബ്ലോക്ക് പ്രസിഡന്റുമാരെ മാത്രമേ വിജയിപ്പിക്കാന്‍ കഴിഞ്ഞുള്ളൂ. തുടര്‍ന്ന് സംഘടനാ തെരഞ്ഞെടുപ്പ് നടത്താതെ സമവായത്തിലൂടെ ഭാരവാഹികളെ നിശ്ചയിക്കുമ്പോഴും എ ഗ്രൂപ്പിന് സംഘടനാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ആനുപാതികമായുള്ള പ്രസിഡന്റുമാരെയും ഭാരവാഹികളെയുമാണ് ലഭിച്ചിരുന്നത്.
എ ഗ്രൂപ്പ് പ്രതിനിധിയായി ഡി.സി.സി പ്രസിഡന്റായ വി.എസ് ജോയിയും ഐ ഗ്രൂപ്പിനൊപ്പമുണ്ടായിരുന്ന എ.പി അനില്‍കുമാര്‍ എം.എല്‍.എയും ചേര്‍ന്ന് ജില്ലയില്‍ പുതിയ ഗ്രൂപ്പിന് രൂപം നല്‍കുകയായിരുന്നു. സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പിന്തുണയും ലഭിച്ചതോടെയാണ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയില്‍ എ ഗ്രൂപ്പിനെ വെട്ടിനിരത്തിയത്. കെ. കരുണാകരന് മുഖ്യമന്ത്രിയും പാര്‍ട്ടിയില്‍ പ്രതാപശാലിയുമായിരുന്നപ്പോഴും മലപ്പുറം ജില്ല ആര്യാടന് മുഹമ്മദിനൊപ്പം എ ഗ്രൂപ്പിന്റെ ശക്തിദുര്‍ഗമായിരുന്നു.
പുനസംഘടനയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ബ്ലോക്ക് പ്രസിഡന്റ്മാരെ നിലനിര്‍ത്താനും പഴയ പ്രസിഡന്റുമാരെ മാറ്റാനും മാനദണ്ഡമുണ്ടാക്കിയപ്പോള് എ.പി അനില്‍കുമാറിനു വേണ്ടി ഇത് കാറ്റില്‍പറത്തിയെന്നാണ് എ ഗ്രൂപ്പിന്റെ പ്രധാന ആരോപണം. അനില്‍കുമാറിനൊപ്പം നില്ക്കുന്ന 9 വര്‍ഷമായി തുടരുന്ന വണ്ടൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഗോപാലകൃഷ്ണനെയും മഞ്ചേരി പ്രസിഡന്റ് വല്ലാഞ്ചിറ ഹുസൈനെയും 4 വര്‍ഷമായി തുടരുന്ന വള്ളിക്കുന്ന് ബ്ലോക്ക് പ്രസിഡന്റ് വീരേന്ദ്രകുമാറിനെയും നിലനിര്‍ത്തി. എ ഗ്രൂപ്പ് കാരനായ വാഴക്കാട് ബ്ലോക്ക് പ്രസിഡന്റ് ആലിഹാജിയെ മാറ്റുകയും ചെയ്തു.
വെട്ടിനിരത്തലല്ല എല്ലാവരെയും ചേര്‍ത്തു നിര്‍ത്തുന്നതാണ് കോണ്‍ഗ്രസിന്റെ സംസ്ക്കാരമെന്നും ആര്യാടന് മുഹമ്മദിനൊപ്പം നിന്നു എന്ന ഒറ്റക്കാരണം കൊണ്ട് പുനസംഘടനയില്‍ കോണ്‍ഗ്രസ് നേതാക്കളെ വെട്ടിനിരത്തിയതില്‍ പ്രവര്‍ത്തകര്‍ക്ക് വേദനയും പ്രതിഷേധവുമുണ്ടെന്നും അത് കെ.പി.സി.സി, എ.ഐ.സി.സി നേതൃത്വങ്ങളെ അറിയിക്കുമെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത് പറഞ്ഞു.