എക്‌സ്‌പോ 2020ക്ക് ദുബൈയില്‍ പ്രൗഢഗംഭീര തുടക്കം

ദുബൈ: എക്‌സ്‌പോ 2020ക്ക് ദുബൈയില്‍ പ്രൗഢഗംഭീര തുടക്കം. സാങ്കേതിക വിദ്യകളുടെ വിസ്മയങ്ങളും, കലാപ്രകടനങ്ങളും ഉദ്ഘാടന ചടങ്ങുകള്‍ക്ക് കൊഴുപ്പേകി. ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അടക്കമുള്ള ഭരണാധികാരികള്‍ ചടങ്ങില്‍ പങ്കെടുത്തു.

കൊവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരുന്നു ക്ഷണം. ഇന്ത്യയടക്കം 191 രാജ്യങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ കല, ശാസ്ത്രം, വാണിജ്യം തുടങ്ങിയ മേഖലകളിലെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കും. മനസുകളെ ചേര്‍ത്തു നിര്‍ത്തി നമുക്ക് ഭാവിയിലേക്ക് നടക്കാമെന്ന പ്രമേയത്തില്‍ നടക്കുന്ന എക്‌സ്‌പോ ആറുമാസം നീണ്ടു നില്‍ക്കും.

എക്‌സ്‌പോ ഗ്രാമത്തിലെ പ്രധാന വേദിയില്‍ ഇന്ന് രാത്രി യുഎഇ സമയം 7.30നാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായത്. ലോകപ്രശസ്ത സംഗീതജ്ഞര്‍ പങ്കെടുക്കുന്ന സംഗീത പരിപാടികള്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് മിഴിവേകി.

ഇന്ത്യ അടക്കം 191 രാജ്യങ്ങളാണ് എക്‌സ്‌പോയില്‍ പങ്കെടുക്കുക. 2021 ഒക്ടോബര്‍ ഒന്നുമുതല്‍ 2022 മാര്‍ച്ച് 31 വരെ എക്‌സ്‌പോ നീളും. ആറു മാസത്തിനിടെ രണ്ടര കോടി സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണ ഏഷ്യ എന്നിവിടങ്ങളിലെ ആദ്യ ലോക എക്‌സ്‌പോയാണിത്.

Top