ജയിലിലെ അനുഭവത്തിന്റെ നേര്‍ക്കാഴ്ച്ച; രാജ് കുന്ദ്രയുടെ ‘യുടി 69’ ണിന്റെ ട്രയ്‌ലര്‍ റിലീസായി

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ വരാനിരിക്കുന്ന ചിത്രം യുടി 69 നവംബര്‍ 3 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലര്‍ ബുധനാഴ്ച റിലീസായിരുന്നു. രാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം അദ്ദേഹത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അശ്ലീല ചിത്രങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ അനുഭവിച്ച അനുഭവത്തിന്റെ ഒരു നേര്‍ക്കാഴ്ചയാണ് ട്രെയിലര്‍ നല്‍കുന്നത്. 2021-ല്‍ രാജിന്റെ അറസ്റ്റിനെക്കുറിച്ചുള്ള ‘ബ്രേക്കിംഗ് ന്യൂസോടെയാണ് ട്രെയിലര്‍ തുടങ്ങുന്നത്.

ആക്ഷേപഹാസ്യത്തിലൂടെയാണ് സിനിമയുടെ അവതരണം. ആര്‍തര്‍ റോഡ് ജയില്‍ ജീവിതം അതുപോലെ തന്നെ സിനിമയിലൂടെ പറയാന്‍ ശ്രമിക്കുകയാണ് രാജ് കുന്ദ്ര. ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ കാലഘട്ടമാണ് പച്ചയായി ആവിഷ്‌കരിച്ചിരിക്കുന്നതെന്നും കുന്ദ്ര പറയുന്നു. ഷാനവാസ് അലിയാണ് സംവിധാനം. കഥ രാജ് കുന്ദ്ര. തിരക്കഥ വിക്രം ഭാട്ടി.

‘ഇത് എനിക്ക് ഒരു സിനിമ മാത്രമല്ല! ഇത് ഒരു തരത്തിലുള്ള അടച്ചുപൂട്ടല്‍ ആണെങ്കിലും, ആര്‍തര്‍ റോഡ് ജയിലിലെ അതിജീവനം, സൗഹൃദങ്ങള്‍, ബന്ധങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഒരു കഥ നിങ്ങള്‍ എന്റെ കണ്ണിലൂടെ കാണും, ”രാജ് കുന്ദ്ര തന്റെ ആദ്യ ചിത്രത്തെക്കുറിച്ച് പറഞ്ഞു. നിരവധി അഭിപ്രായങ്ങളാണ് സിനിമയുടെ ട്രയ്‌ലറിന് ലഭിക്കുന്നത്.

Top