തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വെള്ളത്തിന് പകരം സ്പിരിറ്റ് കുടിച്ച് പെണ്‍കുട്ടി മരിച്ചു

തമിഴ്‌നാട്: തമിഴ്‌നാട്ടില്‍ വെള്ളത്തിന് പകരം സ്പിരിറ്റ് കുടിച്ച് വൃക്കരോഗിയായ ഒന്‍പതു വയസ്സുകാരി മരിച്ചു. മധുരയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. പെണ്‍കുട്ടി വെള്ളം ആവശ്യപ്പെട്ടപ്പോള്‍ അമ്മ സമീപത്തുള്ള കുപ്പി എടുത്ത് കുടിക്കാന്‍ നല്‍കുകയായിരുന്നു. നഴ്സുമാര്‍ സ്പിരിറ്റ് അലക്ഷ്യമായി സൂക്ഷിച്ചതാണ് മകളുടെ അവസ്ഥയ്ക്ക് കാരണമായതെന്നാണ് അമ്മയുടെ ആരോപണം.

അരിയല്ലൂര്‍ ജില്ലയിലെ വൊഡയാര്‍പാളയം സ്വദേശി ആനന്ദകുമാറിന്റെയും ദീപയുടെയും മകള്‍ അഗല്യ (9) ആണ് മരിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷമായി വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് പുതുവൈ, ചെന്നൈ, തഞ്ചൂര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 30 ന് മധുരൈ സര്‍ക്കാര്‍ രാജാജി ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഇവിടെ രണ്ടുതവണ അഗല്യ ഡയാലിസിസിന് വിധേയയായിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഉച്ചയോടെ വീണ്ടും ഡയാലിസിസ് നടത്തി. അതിന് ശേഷം പെണ്‍കുട്ടിയുടെ രക്തസമ്മര്‍ദ്ദം ഉയരുകയും അഗല്യയ്ക്ക് അപസ്മാരം ഉണ്ടാവുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ കട്ടിലിനടിയിലെ സ്പിരിറ്റ് വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് കുട്ടിക്ക് നല്‍കുകയായിരുന്നു. വെള്ളമല്ലെന്നറിഞ്ഞ് പെണ്‍കുട്ടി തുപ്പുകയും പിന്നീട് ആരോഗ്യ നില ഗുരുതരമാവുകയും ചെയ്തു. ഉടന്‍ തന്നെ തീവ്രപരിചരണം നല്‍കിയെങ്കിലും അഗല്യയെ രക്ഷിക്കാനായില്ല.

എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ മരണം സ്പിരിറ്റ് കഴിച്ചതുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. മസ്തിഷ്‌ക രക്തസ്രാവം മൂലമാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടി ചെറിയ അളവില്‍ മാത്രമേ സ്പിരിറ്റ് കുടിച്ചിട്ടുള്ളൂവെന്നും ഉടന്‍ തന്നെ അത് തുപ്പിയതായും ആശുപത്രി ഡീന്‍ പറഞ്ഞു. അതേസമയം കുട്ടിയുടെ മരണത്തില്‍ തള്ളകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top