കോഴിക്കോട് രാത്രികാല മോഷണം നടത്തുന്ന ക്രിമിനൽ സംഘം പിടിയിൽ

കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ രാത്രികാല മോഷണവും പിടിച്ചുപറികളും നടത്തിവന്ന നാലംഗ സംഘത്തെ പൊലീസ് പിടികൂടി. പിടിയിലാവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും പന്നിയങ്കര പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.കോഴിക്കോട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കുട്ടിക്കള്ളന്‍മാര്‍ ഉള്‍പ്പെടുന്ന സംഘം മോഷണം നടത്തുന്നതായി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് സിറ്റിയിലെ വിവിധ സ്റ്റേഷന്‍ പരിധികളിലെ സി.സി ടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

മോഷണ സംഘത്തിലെ പ്രധാനിയായ കുറ്റിച്ചിറ സ്വദേശി അര്‍ഫാനെ കഴിഞ്ഞ ദിവസം പന്നിയങ്കര പൊലീസും ക്രൈം സ്‌ക്വാഡും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണത്തില്‍ കൂടെ ഉണ്ടായിരുന്ന കുട്ടിക്കള്ളന്മാരെ കുറിച്ച് വിവരം ലഭിച്ചത്. ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അജ്മല്‍ ബിലാല്‍ ഉള്‍പ്പെടെയുള്ള മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.

Top