ജനവാസമേഖലയില്‍ ഭീതിവിതച്ച കരടിയെ കാടുകയറ്റി

യനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കരടിയെ കാടുകയറ്റി വനംവകുപ്പ്. പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ നെയ്ക്കുപ്പാ വനത്തിലേക്കാണ് കരടിയെ ഓടിച്ചു കയറ്റിയത്.
നെയ്ക്കുപ്പാ മേഖയിൽ കരടിയെ കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി വനം വകുപ്പ് തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് ചെഞ്ചടി ഭാഗത്ത് സ്വകാര്യ സ്ഥലത്തു നിന്നാണ് കരടിയെ ഓടിച്ചു കാട്ടിൽ കയറ്റിയത്.

90 മണിക്കൂറോളമാണ് കരടി ജനവാസ മേഖലയെ ഭീതിയിലാഴ്ത്തിയത്. 70 കിലോമീറ്റർ അധികം ദൂരം കരടി സഞ്ചരിച്ചു. മൂന്ന് ദിവസം മുമ്പ് പയ്യമ്പള്ളിയിലാണ് ഈ കരടിയെ ആദ്യം കണ്ടത്. ഇതിന് ശേഷമാണ് മാനന്തവാടി നഗരസഭയിലെ വള്ളിയൂർക്കാവ് ക്ഷേത്ര സമീപത്തു കരടിയെ കണ്ട സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. തോണിച്ചാലിലും എടവക പഞ്ചായത്തിലെ മറ്റ് പലയിടത്തുമെത്തിയ കരടി ഒടുവില്‍ വെള്ളമുണ്ട പഞ്ചായത്തിലുമെത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വനപാലകർ കരടിയുള്ള സ്ഥലം കണ്ടെത്തിയെങ്കിലും സമീപ പ്രദേശത്തെ തോട്ടത്തിലേക്ക് കരടി ഓടി മറഞ്ഞു.

പിന്നീട് പടക്കം പൊട്ടിച്ച് കരടിയെ വയലിലേക്കെത്തിച്ചെങ്കിലും മയക്കു വെടിവയ്ക്കാൻ കഴിഞ്ഞില്ല. രാത്രിയും പകലും നിർത്താതെ സഞ്ചരിക്കുമായിരുന്നതിനാല്‍ കരടിയെ പിടികൂടുന്നതിൽ വലിയ പ്രതിസന്ധിയാണ് വനംവകുപ്പ് നേരിട്ടത്.

Top