ജമ്മുവിലെ മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിനടുത്ത് തീപിടിത്തം

രെയ്‌സി: ജമ്മു കശ്മീരില്‍ ക്ഷേത്ര സമുച്ചയത്തില്‍ തീപിടിത്തം. രെയ്‌സി ജില്ലയിലെ കത്രയില്‍ സ്ഥിതി ചെയ്യുന്ന മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിലാണ് ഇന്ന് വൈകീട്ട് തീപിടിത്തമുണ്ടായത്. പ്രധാന ശ്രീകോവിലിന് കുറച്ചകലെയാണ് തീപിടിത്തം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അപകടത്തില്‍ ആളപായമില്ലെന്നും സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്ന് ജമ്മു പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുകേഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

ക്യാഷ് കൗണ്ടിങ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും പണവും രേഖകളും പൂര്‍ണമായി കത്തിനശിച്ചു. തീപിടിത്ത സമയത്ത് കെട്ടിടത്തില്‍ കുടുങ്ങിയവരെ പൊലീസിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തുകയായിരുന്നു. പരിക്കേറ്റവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

Top