ഡല്‍ഹിയില്‍ പെയിന്റ് ഫാക്ടറിയില്‍ തീപിടിത്തം;നാല് പേര്‍ക്ക് പരിക്കേറ്റു

ഡല്‍ഹി: അലിപൂര്‍ മാര്‍ക്കറ്റിലെ പെയിന്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ പതിനൊന്ന് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. പതിനൊന്ന് മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മരിച്ചവരെ ബാബു ജഗ്ജീവന്‍ റാം ആശുപത്രിയിലേക്കും പരിക്കേറ്റവരെ ഡല്‍ഹിയിലെ രാജാ ഹരിഷ് ചന്ദ്ര ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ജനുവരി 26-ന് ഡല്‍ഹിയിലെ ഷഹ്ദാര ഏരിയയിലെ ഒരു വീടിന് തീപിടിച്ച് ഒമ്പത് മാസം പ്രായമുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ നാല് പേര്‍ ശ്വാസം മുട്ടി മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജനുവരി 18-ന് വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ പിതാംപുരയില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരാണ് മരിച്ചത്.

ഫാക്ടറിയില്‍ നിന്ന് വലിയരീതിയില്‍ തീജ്വാലകള്‍ പുറത്തേക്ക് വരുന്നതും പ്രദേശമാകെ പുക മൂടുന്നതും വീഡിയോയില്‍ കാണാം. വൈകിട്ട് 5.25-ഓടെ വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് നാല് മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫാക്ടറിയുടെ താഴത്തെ നിലയിലാണ് തീ പടര്‍ന്നത്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധമായിരുന്നെന്നും അടുത്തുള്ള വീട്ടിലേക്കുള്‍പ്പെടെ തീ പടര്‍ന്നെന്നും അവര്‍ കൂടിച്ചേര്‍ത്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Top