മഹാരാഷ്ട്രയിലെ ഇന്‍ഡ്യാ മുന്നണി സീറ്റ് വിഭജനത്തില്‍ ഇന്ന് അന്തിമ ധാരണ ഉണ്ടായേക്കും

മുംബൈ: മഹാരാഷ്ട്രയിലെ ഇന്‍ഡ്യാ മുന്നണി സീറ്റ് വിഭജനത്തില്‍ ഇന്ന് അന്തിമ ധാരണ ഉണ്ടായേക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ എന്നിവര്‍ ഇന്ന് ചര്‍ച്ച നടത്തും. നേതാക്കള്‍ സോണിയ ഗാന്ധിയേയും കാണും.

സീറ്റ് പങ്കിടല്‍ ചര്‍ച്ച പുരോഗമിക്കവെ മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദിയോറ ശിവസേന ഷിന്‍ഡെ പക്ഷത്ത് ചേര്‍ന്നത് തിരിച്ചടിയാണ്. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. അതേസമയം ദിയോറയുടെ രാജി കോണ്‍ഗ്രസിനെ ബാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശിന്റെ പ്രതികരണം.

48 ല്‍ 23 സീറ്റുകളാണ് മഹാരാഷ്ട്രയില്‍ ശിവസേന ആവശ്യപ്പെടുന്നത്. വിജയ സാധ്യതയാണ് മാനദണ്ഡം എന്ന് ശരത് പവാര്‍ പറയുമ്പോഴും 20ലധികം സീറ്റുകള്‍ എന്‍സിപിയും ആവശ്യപ്പെടുന്നതായാണ് വിവരം. വരുംദിവസങ്ങളില്‍ ഇന്‍ഡ്യാ മുന്നണിയിലെ മറ്റ് പാര്‍ട്ടി അധ്യക്ഷന്മാരുമായി മല്ലികാര്‍ജുന്‍ ഖര്‍ഗെ അവസാന വട്ട സീറ്റ് വിഭജന ചര്‍ച്ചകള്‍ നടത്തും.

Top