ആസ്വാദക ഹൃദയത്തില്‍ സ്ഥാനം പിടിച്ച ചലച്ചിത്രകാരന്‍; കെ ജി ജോര്‍ജിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംവിധായകന്‍ കെ ജി ജോര്‍ജിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. “സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തില്‍ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു കെ ജി ജോര്‍ജ്. സമൂഹഘടനയും വ്യക്തിമനസ്സുകളുടെ ഘടനയും അപഗ്രഥിക്കുന്നത് അദ്ദേഹത്തിന്റെ സവിശേഷ രീതിയായിരുന്നു.

കലാത്മകമായ സിനിമയും വാണിജ്യ സ്വഭാവമുള്ള സിനിമയും തമ്മിലുള്ള വേര്‍തിരിവ് അങ്ങേയറ്റം കുറച്ചു കൊണ്ടുവന്ന ഇടപെടലുകളാണ് കെജി ജോര്‍ജിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. അതാകട്ടെ സിനിമയുടെ നിലവാരത്തെയും ആസ്വാദനനിലവാരത്തെയും ഒരുപോലെ ശ്രദ്ധേയമാവിധം ഉയര്‍ത്തി. ജനങ്ങള്‍ക്ക് മറക്കാനാവാത്ത നിരവധി സിനിമകളുടെ സംവിധായകനാണ് അദ്ദേഹം.

സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനുതന്നെ ദേശീയ പുരസ്‌കാരം തേടിയെത്തി. യവനിക, പഞ്ചവടിപ്പാലം തുടങ്ങിയ സിനിമകള്‍ മലയാളി മനസ്സില്‍ എന്നും ഇടം പിടിക്കുന്നവയാണ്. വ്യത്യസ്ത പ്രമേയങ്ങള്‍ കൈകാര്യം ചെയ്ത ഇതുപോലുള്ള സംവിധായകര്‍ അധികം ഉണ്ടാവില്ല. മലയാള ചലച്ചിത്ര രംഗത്തിന് നികത്താനാവാത്ത നഷ്ടമാണ് കെ ജി ജോര്‍ജിന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.” എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ കുറിച്ചു.

പ്രതിപക്ഷ നേതാവിന്റെ അനുശോചനം

സ്വപ്‌നാടനം പോലെ ഒരു സിനിമാ ജീവിതം അതായിരുന്നു കെ ജി ജോര്‍ജ്. മലയാള സിനിമയില്‍ നവതരംഗത്തിന് വഴി വെട്ടിയ സംവിധായകന്‍. ന്യൂജെന്‍ എന്ന് നമ്മള്‍ ഇപ്പോള്‍ വിശേഷിപ്പിക്കുന്ന സിനിമകളുടെ തലതൊട്ടപ്പനായിരുന്നു അദ്ദേഹം. കഠിനമായ ജീവിതാവസ്ഥകളെ സത്യസന്ധമായി അവതരിപ്പിച്ച സിനിമകള്‍ . കലാമൂല്യവും വാണിജ്യ സാധ്യതയും ഒരു പോലെ നിലനിര്‍ത്തിയ കാലാതിവര്‍ത്തിയായ ചലച്ചിത്രങ്ങള്‍.

ആദാമിന്റെ വാരിയെല്ല് ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമകളിലൊന്നാണ്. പ്രമേയത്തിലെ വ്യത്യസ്ത തിരശീലയില്‍ യാഥാര്‍ഥ്യമാക്കിയ സംവിധായകനാണ് കെ ജി ജോര്‍ജ് . ആ സിനിമകളില്‍ ഒന്നും സൂപ്പര്‍ താരങ്ങളില്ല , കഥാപാത്രങ്ങള്‍ മാത്രം. സംവിധായകനായിരുന്നു യഥാര്‍ഥ നായകന്‍.മലയാള സിനിമയല്ല തെന്നിന്ത്യന്‍ ചലച്ചിത്ര ലോകം കണ്ട ഏറ്റവും മികച്ച സംവിധായകനാണ് കെ ജി ജോര്‍ജ് . അദ്ദേഹത്തിന്റെ സൃഷ്ടികള്‍ എക്കാലവും ഒരു പാഠശാലയായി നിലനില്‍ക്കും.

നിയമസഭാ സ്പീക്കറുടെ അനുശോചനം

സ്വപ്‌നാടനം എന്ന ആദ്യ സിനിമയിലൂടെ തന്നെ സംസ്ഥാന – ദേശീയ പുരസ്‌കാരങ്ങള്‍ നേടി, മലയാള സിനിമയില്‍ തന്റെ ഇടമുറപ്പിച്ച സംവിധായകനാണ് കെ ജി ജോര്‍ജ്ജ്. യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക് തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമകളെല്ലാം പതിറ്റാണ്ടുകള്‍ക്ക് ശേഷവും മലയാളികള്‍ മനസ്സില്‍ കൊണ്ടുനടക്കുന്നവയാണ്. മലയാളസിനിമയില്‍ ചിരസ്മരണീയനായ ആ പ്രതിഭാധനന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

 

Top