മത്സരത്തിനിടയില്‍ വിവാഹാഭ്യര്‍ത്ഥനയുമായി ആരാധകന്‍; വീഡിയോ വൈറല്‍

ഇസ്താംബുള്‍: ടെന്നീസ് കോര്‍ട്ടിലെ മികച്ച താരവും സൗന്ദര്യ റാണിയുമായ മരിയ ഷറപ്പോവ കുറച്ചുകാലത്തെ ഇടവേളയ്ക്കു
ശേഷമാണ് കളിക്കളത്തിലേക്ക് തിരിച്ചു വന്നത്.

ഉത്തേജക വിവാദത്തെ തുടര്‍ന്നാണ് ഷറപ്പോവക്ക് കളിക്കളത്തില്‍ നിന്ന് പിന്‍മാറേണ്ടി വന്നത്. അതേസമയം വിവാദങ്ങള്‍ ആരാധകരുടെ സ്‌നേഹത്തിനും, ആരാധനയ്ക്കും കുറവുകള്‍ വരുത്തിയിട്ടില്ല. അത്തരത്തിലൊരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

മത്സരത്തിനായി തയ്യാറെടുക്കുകയായിരുന്ന ഷറപ്പോവയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഗ്യാലറിയില്‍ നിന്നും ഒരു ആരാധകന്‍ എന്നെ കല്യാണം കഴിക്കുമോ എന്ന് വിളിച്ചു ചോദിച്ചു, ഇത് കേട്ടതോടെ ഗ്യാലറിയിലുള്ളലവര്‍ പൊട്ടിചിരിച്ചു. എന്നാല്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും ആലോചിക്കാം എന്ന അര്‍ത്ഥത്തില്‍ തലയാട്ടി കൊണ്ടാണ് ഷറപ്പോവ ഇതിനോട് പ്രതികരിച്ചത്.

ഷറപ്പോവയുടെ മറുപടി ഗ്യാലറിയെ ഒരു നിമിഷത്തേക്ക് നിശ്ശബ്ദമാക്കിയെങ്കിലും പിന്നാലെ കയ്യടിയോടു കൂടി ആരാധകര്‍ ഇത് ഏറ്റെടുക്കുകയായിരുന്നു. ടെന്നീസ് കോര്‍ട്ടില്‍ ഇതിന് മുമ്പും സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്.

1995ല്‍ ഇതിഹാസ താരം സ്റ്റെഫി ഗ്രാഫിനോടും ആരാധകന്‍ മത്സരത്തിനിടെ വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. സിനാന്‍ എര്‍ദേം ഹാളിലായിരുന്നു മത്സരം നടന്നത്. മത്സരത്തില്‍ കാ ബുയുകാകസിയെ ഷറപ്പോവ നേരിട്ടു തോല്‍പ്പിക്കുകയും ചെയ്തു.

Top