‘ദിലീപിനെ പൂട്ടണം’ എന്ന പേരിൽ വ്യാജ വാട്സാപ് ഗ്രൂപ്പ്! ‘ആഷിക് അബു’ മുതൽ ‘മഞ്ജു വാര്യർ’ വരെ അംഗങ്ങൾ; കേസ് എടുക്കണമെന്ന് ആലപ്പി അഷ്റഫ്

​കൊച്ചി: ‘ദിലീപിനെ പൂട്ടണം’ എന്ന പേരിൽ വ്യാജ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയവർക്കെതിരെ അപകീർത്തി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകനും നിർമാതാവുമായ ആലപ്പി അഷ്റഫ് രംഗത്ത്. സിനിമാ രംഗത്തെയും മാധ്യമ രംഗത്തെയും പ്രമുഖർക് പുറമെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും പേര് വ്യാജമായി ഉൾപ്പെടുത്തിയാണ് ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നത്. ആലപ്പി അഷ്റഫിന്റെ പേരും ഈ ഗ്രൂപ്പിൽ ഉണ്ട്.

ആലുവാ ക്രൈം ബ്രാഞ്ചിൽ നിന്നും വ്യാജ വാട്സാപ് ഗ്രൂപ്പിനെ പറ്റി ചോദിക്കാൻ ഇന്നലെ ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രൻ വിളിപ്പിച്ചപ്പോഴാണ് ഇങ്ങനെ ഒരു സംഭവം അറിയുന്നതെന്ന് ആലപ്പി അഷ്റഫ് സമൂഹമാധ്യമത്തിൽ കുറിച്ചു.

സംവിധായകൻ ആഷിക് അബു, നടി മഞ്ജു വാര്യർ, നിർമാതാവ് ലിബർട്ടി ബഷീർ, സംവിധായകൻ ബൈജു കൊട്ടാരക്കര, അഭിഭാഷക ടി.ബി. മിനി, സന്ധ്യ ഐ.പി.എസ്, മാധ്യമപ്രവർത്തകരായ നികേഷ് കുമാർ, വേണു, പ്രമോദ് രാമൻ, സ്മൃതി തുടങ്ങിയവരുടെ പേരുകളും ഈ ഗ്രൂപ്പിൽ വ്യാജമായി അംഗങ്ങളാക്കിയിട്ടുണ്ട്. സിനിമ രംഗത്തെ പബ്ലിക് റിലേഷൻ വർക്കേഴ്സിന്റെ പല നമ്പറുകൾ മേൽ പറഞ്ഞ പേരുകളിൽ സേവ് ചെയ്താണ് ഗ്രൂപ്പിന് രൂപം നലകിയതത്രേ. ഈ പേരുകളിൽ നിന്നും അയക്കുന്ന മെസേജുകളുടെ സ്ക്രീൻ ഷോട്ടുകളെടുത്തായിരുന്നു ഇവർ പ്രചരിപ്പിച്ചിരുന്നത്. ഇതാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറയുന്നു.

ഈ ഗ്രൂപ്പിൻ്റെ നാല് സ്ക്രീൻ ഷോട്ടുകൾ ക്രൈംബ്രാഞ്ച് തനിക്ക് കാണിച്ചു തന്നുവെന്നും ആലപ്പി അഷ്റഫ് പറഞ്ഞു. ഷോൺ ജോർജ് എന്നയാളുടെ ഫോണിൽ നിന്നും ദിലീപ് ഉൾപ്പെട്ട വധ ഗൂഢാലോചന കേസിലെ രണ്ടാം പ്രതി അനൂപിന്റെ ഫോണിലേക്ക് വന്നതാണ് ഈ സ്ക്രീൻ ഷോട്ടുകൾ എന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

അന്വേഷണത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത അനുപിന്റെ ഫോണിലെ വിവരങ്ങൾ പുനരുജ്ജീവിപ്പിച്ചെടുത്ത കൂട്ടത്തിൽ കിട്ടിയതാണിവ. അതിന്റെ സത്യാവസ്ഥ അറിയാനാണ് തന്നെ വിളിപ്പിച്ചതെന്നും ബി. സന്ധ്യ ഐ.പി.എസിന്റെ പേരു കൂടി ഉൾപ്പെട്ടത് കൊണ്ട് അനേഷണ ഉദ്യോഗസ്ഥർക്ക് കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനായി എന്നും അഷ്റഫ് തന്റെ കുറിപ്പിൽ പറഞ്ഞു.

Top