കൊറോണ വൈറസിനെ കൊല്ലുന്ന ഫെയ്‌സ് മാസ്ക്; പ്രതീക്ഷയോടെ ഗവേഷകർ

കോവിഡ് പ്രതിരോധത്തിന് വാക്‌സിന്‍ കണ്ടെത്താനുള്ള തിരക്കിലാണ് ലോകരാജ്യങ്ങള്‍. എന്നാല്‍ വാക്‌സിന്‍ കണ്ടെത്തുന്നത് വരെ രോഗം പടരാതെ നോക്കുക എന്നത് ഏറെ ശ്രമകരമായ ദൗത്യം തന്നെയാണ്. കോവിഡ് വാക്‌സിന്‍ വിപണിയില്‍ എത്താന്‍ ഒന്നോ രണ്ടോ വര്‍ഷംതന്നെ വേണ്ടി വന്നേക്കാം. സാമൂഹികഅകലം പാലിക്കുക, കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കുക, മാസ്‌ക് ധരിക്കുക എന്നിവയാണ് നിലവില്‍ കൊറോണയ്ക്ക് എതിരെയുള്ള ഏറ്റവും ശക്തമായ പ്രതിരോധനടപടികള്‍.

എന്നാല്‍ ഫെയ്‌സ് മാസ്‌കിന് വൈറസിനെ പൂര്‍ണമായും തടയാനാവില്ല എന്നതുകൂടി മനസ്സിലാക്കണം. വൈറസ് മൂക്കിലോ വായിലോ നേരിട്ട് പ്രവേശിക്കാതെ തടയാന്‍ മാത്രമേ മാസ്‌കിനു കഴിയൂ. അണുക്കളെ നശിപ്പിക്കാന്‍ കഴിയുന്ന ഫെയ്‌സ് മാസ്‌ക് ഉണ്ടെങ്കില്‍ കൊറോണയെ ഒരു പരിധിവരെ നിയന്ത്രിക്കാം. ഇപ്പോഴിതാ വൈറസിനെ നശിപ്പിക്കാന്‍ സാധിക്കുന്ന ഫെയ്‌സ് മാസ്‌ക് തയ്യാറാക്കാന്‍ ശ്രമിക്കുകയാണ് ഇന്ത്യാന സെന്റര്‍ ഫോര്‍ റീജനറേറ്റീവ് മെഡിസിന്‍ ആന്‍ഡ് എഞ്ചിനീയറിംഗ് വിഭാഗം.

അണുബാധ തടയാന്‍ ഉപകരിക്കുന്ന ഇലക്ട്രോസ്യൂട്ടിക്കല്‍ ബാന്‍ഡേജസുകളില്‍ ഉപയോഗിക്കുന്ന ടെക്‌നിക് തന്നെയാണ് ഇതിലും ഉപയോഗിക്കുന്നത്. മാസ്‌കിന്റെ പ്രതലത്തിലൂടെ ഇലക്ട്രിക് കറന്റ് കടത്തി വിട്ടാണ് വൈറസിനെ ഉന്മൂലനം ചെയ്യുന്നത്.
ഇലക്ട്രോ സ്റ്റാറ്റിക്ക്‌ടെക്‌നോളജി ഉപയോഗിക്കുന്ന ഇലക്ട്രോസ്യൂട്ടിക്കല്‍ ഉപകരണങ്ങള്‍ ഇപ്പോള്‍ മെഡിക്കല്‍ രംഗത്ത് ഉപയോഗിക്കുന്നുണ്ട്. ഈ ആശയം കടമെടുത്താണ് കോവിഡ് മാസ്‌ക് തയാറാക്കാന്‍ ഗവേഷകര് ശ്രമിക്കുന്നത്. ഈ മാസ്‌ക് വിജയകരമായാല്‍ കൊറോണ വൈറസിനെ മാത്രമല്ല മറ്റു പല വൈറല്‍, ബാക്ടീരിയ അണുബാധകളെ തടയാനും സഹായകമാകും എന്ന് ഗവേഷകര്‍ പറയുന്നു.

Top