എ.എഫ്.സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യന്‍ ടീം ഇന്ന് ദക്ഷിണ കൊറിയയെ നേരിടും

ക്വലാലംപുര്‍: എ.എഫ്.സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീം ഇന്ന് ദക്ഷിണ കൊറിയയെ നേരിടും. വിജയിച്ചാല്‍ ഫിഫയുടെ കൗമാര ലോകകപ്പില്‍ ഇന്ത്യയ്ക്ക് കളിക്കാം.

2017ല്‍ ആതിഥേയരെന്ന നിലയില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ ടീം അണ്ടര്‍ 17 ലോകകപ്പിന് നേരിട്ടു യോഗ്യത നേടിയിരുന്നു. എന്നാല്‍ ഇത്തവണ യോഗ്യതാ റൗണ്ട് എന്ന കടമ്പ കടന്ന് ലോകകപ്പില്‍ പങ്കെടുക്കാനുള്ള അവസരമാണ് ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത്.

ജയിച്ചാല്‍ സെമിയിലും അടുത്ത വര്‍ഷം പെറുവില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിലും ഇന്ത്യയ്ക്ക് സ്ഥാനം ഉറപ്പിക്കാം. സെമി ഫൈനലില്‍ എത്തുന്ന നാലു ടീമുകള്‍ക്കും അടുത്ത വര്‍ഷത്തെ ലോകകപ്പിന് യോഗ്യത ലഭിക്കും.

ഇന്ത്യന്‍ സമയം വൈകീട്ട് 6.15നാണ് മത്സരം നടക്കുന്നത്. 16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യ എ.എഫ്.സി ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്നത്.

ഏഷ്യയിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് കൊറിയ. സാധ്യത കൊറിയക്കാണെങ്കിലും മികച്ച എതിരാളികളെ വീഴ്ത്തിയാണ് ഇന്ത്യ ഇതുവരെ എത്തിയതെന്നും ഇന്നും അതു തുടരുമെന്നും കോച്ച് ബിബിയാനോ ഫെര്‍ണാണ്ടസ് പറഞ്ഞു. ചാമ്പ്യന്‍ഷിപ്പില്‍ അതുവരെ ഒരു ഗോള്‍പോലും വഴങ്ങാതെയാണ് ഇന്ത്യ മുന്നേറിയത്.

Top