എ.ഇ.പി.എസ് വഴിയുള്ള ഇടപാട് റെക്കോര്‍ഡിലെത്തി

കൊച്ചി: ആധാര്‍ അധിഷ്ഠിത പണമിടപാടു സംവിധാനം (എ.ഇ.പി.എസ്) വഴിയുള്ള ഇടപാടുകളുടെ എണ്ണം ജൂലൈയില്‍ 20 കോടി കടന്നതായി നാഷണല്‍ പേയ്‌മെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) അറിയിച്ചു. റെക്കോര്‍ഡ് തുകയാണിത്. ജൂലൈയില്‍ മൊത്തം 9,685.35 കോടി രൂപ മൂല്യമുള്ള 22.02 കോടി ഇടപാടുകളാണു നടന്നത്.

മുന്‍വര്‍ഷം ഇതേ കാലയളവില്‍ യഥാക്രമം 19.43 കോടി ഇടപാടും 8,867.33 കോടി രൂപ മൂല്യവുമായിരുന്നു. എഇപിഎസ് വഴി ജൂലൈയില്‍ 6.65 കോടി ആളുകള്‍ ബാങ്കിങ് സേവനങ്ങള്‍ സ്വീകരിച്ചുവെന്ന് എന്‍പിസിഐ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ പ്രവീണ റായ് പറഞ്ഞു.

ആധാറിനെ ആധാരമാക്കി ബിസിനസ് കറസ്പോണ്ടന്റുമാര്‍ വഴി മൈക്രോ എടിഎമ്മില്‍ (പോസ്) ഇടപാടു നടത്താന്‍ സഹായിക്കുന്ന ബാങ്കിങ് മാതൃകയാണ് ആധാര്‍ എനേബിള്‍ഡ് പേമെന്റ് സിസ്റ്റം (എ.ഇ.പി.എസ്). പണം പിന്‍വലിക്കല്‍, ഇന്റര്‍ബാങ്ക് ഇന്‍ട്രാബാങ്ക് പണം കൈമാറ്റം, ബാലന്‍സ് അന്വേഷണം തുടങ്ങിയ അടിസ്ഥാന ബാങ്കിങ് ഇടപാടുകള്‍ ആധാര്‍ ഉപയോഗിച്ച് നടത്താന്‍ അക്കൗണ്ട് ഉടമയെ എ.ഇ.പി.എസ് അനുവദിക്കുന്നു.

എ.ഇ.പി.എസ് വഴി ഇടപാടുനടത്താന്‍ ആകെ വേണ്ടത് ഇടപാടുകാരന്റെ ബാങ്ക് അക്കൗണ്ട് നമ്പര്‍, ആധാര്‍ നമ്പര്‍, ഫിംഗര്‍ പ്രിന്റ് എന്നിവ മാത്രമാണ്.

Top