ചാമ്പ്യന്‍സ് ലീഗില്‍ രണ്ട് പതിറ്റാണ്ടുകള്‍ക്കപ്പുറമുള്ള സ്വപ്നരാവ്

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയെ തകര്‍ത്തെറിഞ്ഞ് ഇംഗ്ലീഷ് ക്ലബ്ബ് ന്യൂകാസില്‍ യുണൈറ്റഡ്. ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ പിഎസ്ജിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴ്പ്പെടുത്തിയാണ് ന്യൂകാസില്‍ സീസണിലെ ആദ്യവിജയം സ്വന്തമാക്കിയത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ചാമ്പ്യന്‍സ് ലീഗില്‍ തിരിച്ചെത്തിയ ഇംഗ്ലീഷ് ടീം സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ അവിസ്മരണീയ വിജയം നേടിയായിരുന്നു വരവറിയിച്ചത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ന്യൂകാസില്‍ മൂന്നാം ഗോള്‍ കണ്ടെത്തി. 50-ാം മിനിറ്റില്‍ ഡൊണ്ണരുമ്മയെ കീഴ്പ്പെടുത്തി ലോംഗ് സ്റ്റഫ് ആണ് ഗോളടിച്ചത്. അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം പിഎസ്ജി ഒരു ഗോള്‍ മടക്കി. ലൂയിസ് ഹെര്‍ണാണ്ടസിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും പിഎസ്ജിയുടെ ആക്രമണം അതിലൊതുങ്ങിപ്പോയിരുന്നു. ഇഞ്ച്വറി ടൈമില്‍ ഫാബിയന്‍ ഷാര്‍ കൂടി സ്‌കോര്‍ ചെയ്തതോടെ പിഎസ്ജിയുടെ പരാജയം പൂര്‍ത്തിയായി. വിജയത്തോടെ ന്യൂകാസിലിന് ഗ്രൂപ്പില്‍ നാല് പോയിന്റായി. ആദ്യ മത്സരത്തില്‍ എസി മിലാനോട് ന്യൂകാസില്‍ സമനില വഴങ്ങിയിരുന്നു.

ന്യൂകാസിലിന്റെ ഹോംഗ്രൗണ്ടായ സെന്റ് ജെയിംസ് പാര്‍ക്കില്‍ നടന്ന മത്സരത്തിലുടനീളം ആധിപത്യം സ്ഥാപിക്കാന്‍ ന്യൂകാസിലിന് കഴിഞ്ഞു. ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ക്ക് ന്യൂകാസില്‍ മുന്നിലെത്തി. ആദ്യപകുതിയില്‍ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് തൊടുക്കാന്‍ പിഎസ്ജിക്ക് കഴിഞ്ഞില്ല. മത്സരത്തിന്റെ 17-ാം മിനിറ്റില്‍ ആല്‍മിറോണിലൂടെയായിരുന്നു ന്യൂകാസില്‍ ഗോള്‍വേട്ട ആരംഭിച്ചത്. മുന്നിലെത്തിയിട്ടും ആക്രമണം അവസാനിപ്പിക്കാന്‍ എഡി ഹോയുടെ ടീം തയ്യാറായിരുന്നില്ല. 39-ാം മിനിറ്റില്‍ ഡാന്‍ ബേര്‍ണിന്റെ ഹെഡറിലൂടെ ന്യൂകാസില്‍ ലീഡ് ഇരട്ടിയാക്കി.

 

 

Top