കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അഞ്ചാം ക്ലാസുകാരിയെ അമ്മാവന്‍ കഴുത്തറുത്ത് കൊന്നു. സംഭവത്തിന് ശേഷം മൃതദേഹം വെട്ടിനുറുക്കി പലയിടങ്ങളിലായി വലിച്ചെറിച്ചു. പശ്ചിമബംഗാളിലെ മാല്‍ഡയിലാണ് ഈ കൊടും ക്രൂരത അരങ്ങേറിയത്. രണ്ട് ദിവസമായി കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബംഗാള്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പെണ്‍കുട്ടിയുടെ പിതാവിനോട് പ്രതിക്കുണ്ടായിരുന്ന വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. സംഭവത്തെ തുടര്‍ന്ന് അക്രമാസക്തരായ ജനക്കൂട്ടം പ്രതിയുടെ വീട് അടിച്ചു തകര്‍ത്തു.
ജനുവരി 29 മുതല്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ കുടുംബം മാല്‍ഡ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെതുടര്‍ന്ന് മാല്‍ഡ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം ആരംഭിച്ചത്. മധ്യവയസ്‌കനായ ഒരാള്‍ ബൈക്കിലെത്തി പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് പരിസരവാസികളുടെ സഹായത്തോടെ ബൈക്ക് ഓടിച്ച ആളെ പൊലീസ് തിരിച്ചറിഞ്ഞു. പെണ്‍കുട്ടിയുടെ ബന്ധു കൂടെയായ പ്രതിയെ അടുത്ത ദിവസം തന്നെ പൊലീസ് പിടികൂടി.
ചോദ്യം ചെയ്യലില്‍ ഇയാള്‍ ആദ്യം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു. പ്രതിയുടെ സഹായത്തോടെയാണ് പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങള്‍ പൊലീസ് കണ്ടെടുത്തത്. പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി ശരീരഭാഗങ്ങള്‍ ഒരു ഗോഡൗണിന് മുകളിലേക്ക് തള്ളുകയായിരുന്നു. മുമ്പ് പലതവണ കുട്ടിയുടെ പിതാവ് തന്നെ പൊതുസ്ഥലത്ത് വെച്ച് അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്തതിട്ടുണ്ടെന്നും അതിനാലാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും പ്രതി മൊഴി നല്‍കി. കൊലപാതകത്തിനുമുന്‍പായി പ്രതി പെണ്‍കുട്ടിയെ ലൈഗീകമായി പീഡിപ്പിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.