അര്‍പിതയുടെ വീട്ടില്‍ നിന്ന് നിര്‍ണായക വിവരങ്ങളടങ്ങിയ ഡയറി കണ്ടെടുത്തു

ഡൽഹി: പശ്ചിമബംഗാള്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ നടത്തിയ അധ്യാപകനിയമനത്തിലെ അഴിമതി കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇ.ഡി) അറസ്റ്റ് ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പശ്ചിമ ബംഗാള്‍ മന്ത്രിയുമായ പാര്‍ഥ ചാറ്റര്‍ജിയുടെ സഹായിയുടെ ഡയറി ഇഡി കണ്ടെടുത്തു. പാര്‍ഥയുടെ സഹായി അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ ഇ.ഡി. നടത്തിയ റെയ്ഡിലാണ് ഡയറി കണ്ടെടുത്തത്.

പശ്ചിമ ബംഗാള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റേതാണ് ഡയറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അധ്യാപക നിയമന അഴിമതിക്കേസില്‍ വെളിച്ചം വിശുന്ന ഓട്ടേറെ വിവരങ്ങള്‍ 40 പേജുകളിലായുണ്ടെന്നാണ് ഇഡി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തത്. അര്‍പിതയുടെ വീട്ടില്‍ നിന്ന് പിടികൂടിയ പണം കൈക്കൂലി പണമാണെന്ന് ചോദ്യം ചെയ്യലില്‍ അര്‍പിത സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം ഇ.ഡി. നടത്തിയ മിന്നില്‍ റെയ്ഡില്‍ 20 കോടിയുടെ നോട്ടുകെട്ടുകളും 20 മൊബൈല്‍ ഫോണും പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ഥ ചാറ്റര്‍ജിയെയും അര്‍പിത മുഖര്‍ജിയേയും ഇഡി അറസ്റ്റ് ചെയ്തത്. അര്‍പിതയുടെ വീട്ടില്‍ നിന്ന് പിടികൂടിയ പണം എണ്ണിത്തിട്ടപ്പെടുത്താന്‍ ബാങ്ക് ജീവനക്കാരുടെ സഹായം തേടേണ്ടിവന്നിരുന്നു.

പശ്ചിമബംഗാള്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ നടത്തിയ അധ്യാപകനിയമനത്തിലെ അഴിമതി കേസുമായി ബന്ധപ്പെട്ട് 26 മണിക്കൂര്‍ ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു പാര്‍ഥ ചാറ്റര്‍ജിയുടെ അറസ്റ്റ്. പാര്‍ഥ ചാറ്റര്‍ജി നിലവില്‍ പശ്ചിമ ബംഗാള്‍ വ്യവസായ-വാണിജ്യ മന്ത്രിയാണ്. അഴിമതി ആരോപണം നടക്കുമ്പോള്‍ ഇയാൾ വിദ്യാഭ്യാസ മന്ത്രിയായിരുന്നു.

Top