രണ്ട് സംസ്ഥാന ഭരണാധികാരികളുടെ ‘ഭാവി’യെ സ്വാധീനിക്കുന്ന ഒരു മരണം !

രു വെടിക്ക് രണ്ടു പക്ഷികള്‍. ഈ നിലപാടാണ് ബി.ജെ.പി. കേന്ദ്ര നേതൃത്വമിപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണമാണ് ബീഹാര്‍-മഹാരാഷ്ട്ര രാഷ്ട്രീയത്തെ ഉലച്ചിരിക്കുന്നത്. സുശാന്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിന്റെ മരണവുമായി ബന്ധപ്പെട്ട് മന്ത്രി ആദിത്യയ്ക്ക് ബന്ധമുണ്ടെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. ആരോപണത്തിന് പിന്നില്‍ മഹാരാഷ്ട്രയിലെ താക്കറെ വിരുദ്ധരാണെന്നാണ് ശിവസേന ചൂണ്ടിക്കാട്ടുന്നത്. ബി.ജെ.പിയെ ലക്ഷ്യമിട്ടാണ് ഈ ആരോപണം.

സുശാന്തുമായി ബന്ധപ്പെട്ട കേസുകള്‍ സി.ബി.ഐ അന്വേഷിക്കുന്നതോടെ ദിഷയുടെ ആത്മഹത്യയും സി.ബി.ഐയുടെ അന്വേഷണ പരിധിയിലാണ് വരിക. ബീഹാര്‍ സര്‍ക്കാറിന്റെ ആവശ്യം പരിഗണിച്ചാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. നേരത്തെ സുശാന്ത് സിംഗിന്റെ മരണം അന്വേഷിക്കാനെത്തിയ പാറ്റ്‌ന എസ്.പിയെ മുംബൈ കോര്‍പ്പറേഷന്‍ 14 ദിവസത്തേക്ക് ക്വാറന്റീന്‍ ചെയ്തിരുന്നു. ബലം പ്രയോഗിച്ചായിരുന്നു ഈ ക്വാറന്റീന്‍ എന്ന് ബീഹാര്‍ ഡി.ജി.പി തന്നെ ട്വീറ്റ് ചെയ്യുകയുമുണ്ടായി.

സുശാന്തിന്റെ കുടുംബം പാറ്റ്‌നയില്‍ നല്‍കിയ പരാതി അന്വേഷിക്കാനാണ് ബീഹാര്‍ പൊലീസ് മുംബൈയില്‍ എത്തിയിരുന്നത്. ഈ കേസുമായി ബന്ധപ്പെട്ട പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടു പോലും നല്‍കാതെ അന്വേഷണത്തോട് നിസഹരിക്കുകയാണ് മുംബൈ പോലീസ് ചെയ്തതെന്നാണ് ബീഹാര്‍ മുഖ്യമന്ത്രിയും ആരോപിച്ചിരുന്നത്. സുശാന്തിന്റെ മരണത്തില്‍ രണ്ട് സംസ്ഥാനങ്ങള്‍ക്കിടയിലുള്ള തര്‍ക്കമാണ് ഒടുവിലിപ്പോള്‍ സി.ബി.ഐ അന്വേഷണത്തില്‍ കലാശിച്ചിരിക്കുന്നത്.

ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഉടന്‍ നടക്കാനിരിക്കുകയാണ്. സുശാന്തിന്റെ കുടുംബത്തെ ഒപ്പം നിര്‍ത്തിയാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പട നയിക്കുന്നത്. കോണ്‍ഗ്രസ്സ് ഉള്‍പ്പെട്ട സര്‍ക്കാറാണ് മഹാരാഷ്ട്ര ഭരിക്കുന്നത് എന്നത് പ്രതിപക്ഷമായ ആര്‍.ജെ.ഡിക്കും തിരിച്ചടിയാണ്. ആര്‍.ജെ.ഡി മുന്നണിയിലാണ് കോണ്‍ഗ്രസ്സ് ഇവിടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പ്രാദേശിക വികാരം അനുകൂലമാക്കാന്‍ ബീഹാര്‍ മുഖ്യമന്ത്രി നടത്തുന്ന നീക്കത്തിന് സഖ്യകക്ഷിയായ ബി.ജെ.പിയും വലിയ പിന്തുണയാണ് നല്‍കുന്നത്.

സി.ബി.ഐ കണ്ടെത്തലുകള്‍ ബീഹാറില്‍ വലിയ ചലനമാണ് ഉണ്ടാക്കാന്‍ പോകുന്നത്. കോണ്‍ഗ്രസ്സ് ഭയക്കുന്നതും ഇതു തന്നെയാണ്. അതേസമയം മുംബൈ പൊലീസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടുന്നതുമായി ബന്ധപ്പെട്ട് പവാര്‍ കുടുംബത്തിലും രൂക്ഷമായ ഭിന്നതയുണ്ടായിട്ടുണ്ട്. സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന ശരദ് പവാറിന്റെ നിലപാടിന് എതിരാണ് അജിത് പവാര്‍ വിഭാഗം. അജിത് പവാറിന്റെ മകന്‍ പാര്‍ഥ് പവാര്‍ തന്നെ എതിര്‍പ്പുമായി രംഗത്തുണ്ട്. ശരദ് പവാറിന്റെ പിന്‍ഗാമിയായി അറിയപ്പെടുന്ന അജിത് പവാര്‍ വീണ്ടും ‘കളം’ മാറ്റുമോ എന്ന ഭയത്തിലാണ് ശിവസേന. കോണ്‍ഗ്രസ്സിനും ഈ ആശങ്കയുണ്ട്. മഹാരാഷ്ട്രയിലെ കൂട്ടുകക്ഷി സര്‍ക്കാറില്‍ രണ്ടാം പാര്‍ട്ടിയാണ് നിലവില്‍ എന്‍.സി.പി. ആദ്യ ഓപ്പറേഷന്‍ പാളിയെങ്കിലും അജിത് പവാറിനെ ഒപ്പം നിര്‍ത്തി വീണ്ടുമൊരു അട്ടിമറി ബി.ജെ.പിയും ലക്ഷ്യമിടുന്നുണ്ട്. അവസരത്തിനായാണ് അവരും കാത്തിരിക്കുന്നത്.

സുപ്രീം കോടതി വിധിക്കു പിന്നാലെ ‘സത്യമേവ ജയതേ’ എന്ന പാര്‍ഥിന്റെ ട്വീറ്റും ഇപ്പോള്‍ മഹാരാഷ്ട്രയില്‍ വലിയ ചര്‍ച്ചയാണ്. സി.ബി.ഐ പിടിമുറുക്കുന്നതോടെ ഉദ്ധവ് സര്‍ക്കാര്‍ പ്രതിസന്ധിയിലാവുമെന്നാണ് ബി.ജെ.പിയുടെ കണക്ക് കൂട്ടല്‍. ഈ അവസരം ഉപയോഗിച്ച് അജിത് പവാര്‍ വിഭാഗം ഒപ്പം പോരുമെന്നാണ് അവര്‍ കരുതുന്നത്. കോണ്‍ഗ്രസ്സിലെ അസംതൃപ്തരെയും ബി.ജെ.പി ലക്ഷ്യമിട്ടിട്ടുണ്ട്. ഇനി സി.ബി.ഐ അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചാല്‍ കടുത്ത നടപടിയിലേക്ക് കടക്കാനാണ് കേന്ദ്ര സര്‍ക്കാറും ആലോചിക്കുന്നത്. ബീഹാറില്‍ ഭരണ തുടര്‍ച്ചയും മഹാരാഷ്ട്രയില്‍ അട്ടിമറിയുമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.

Top