ഗുജറാത്തില്‍ ദളിത് യുവതിയെ നാല് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി

ഗുജറാത്ത്: ഗുജറാത്തിലെ ഭാവ്‌നഗറില്‍ ദളിത് യുവതിയെ നാല് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. യുവതിയെ സ്റ്റീല്‍ പൈപ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് യുവതിയുടെ മകന്‍ നല്‍കിയ കേസ് പിന്‍വലിക്കാത്തതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് 45 കാരിയുടെ കൊലപാതകത്തില്‍ കലാശിച്ചത്.

ഭാവ്‌നഗറില്‍ ഞായറാഴ്ചയാണ് സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ്, ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി തിങ്കളാഴ്ചയോടെയാണ് മരിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ‘സര്‍ തഖ്താസിന്‍ഹ്ജി’ ജനറല്‍ ആശുപത്രിക്ക് പുറത്ത് കുടുംബവും പ്രാദേശിക ദളിത് നേതാക്കളും പ്രതിഷേധ പ്രകടനം നടത്തി.

നാല് പ്രതികളെ അറസ്റ്റ് ചെയ്യും വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് പ്രതിഷേധക്കാര്‍ നിലപാടെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും പട്ടികജാതി-പട്ടികവര്‍ഗ നിയമപ്രകാരവും പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തതായും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആര്‍.ആര്‍ സിംഗാള്‍ പറഞ്ഞു.

Top