അഴിമതിക്കാരനായ പ്രസിഡന്റാണ് രാജ്യം ഭരിക്കുന്നത്: ജോ ബൈഡനെ കടന്നാക്രമിച്ച് ട്രംപ്

വാഷിങ്ടണ്‍: യുഎസിന്റെ രഹസ്യരേഖകള്‍ ചോര്‍ത്തിയ കേസില്‍ കോടതിയില്‍ ഹാജരായ ശേഷം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ കടന്നാക്രമിച്ച് മുന്‍പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 2024ലെ തിരഞ്ഞെടുപ്പു ലക്ഷ്യം വച്ചു നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണു തനിക്കെതിരായ കേസെന്ന് ട്രംപ് ന്യൂജഴ്‌സിയില്‍ റിപ്പബ്ലിക്കന്‍ അനുയായികളോടു പറഞ്ഞു.

”അധികാരം ഏറ്റവും പൈശാചികവും ഹീനവുമായ രീതിയില്‍ ഉപയോഗിക്കുന്നതിനാണു നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ്”- ട്രംപ് പറഞ്ഞു. കേസിന്റെ വിചാരണയ്ക്കിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഡോണള്‍ഡ് ട്രംപ് ഉന്നയിച്ചത്.

”അഴിമതിക്കാരനായ പ്രസിഡന്റ് ഇപ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളിയ്ക്കു നേരെ വ്യാജകേസുകള്‍ ഫയല്‍ ചെയ്തിരിക്കുകയാണ്. അദ്ദേഹവും പിന്‍ഗാമികളും ഇത്തരം കേസുകളില്‍ പങ്കാളികളായിരിക്കും. ഭരണം പകുതിയാകുമ്പോള്‍ തന്നെ അദ്ദേഹം പരാജയപ്പെട്ടു”- ട്രംപ് പറഞ്ഞു.

പ്രതിരോധ രഹസ്യങ്ങള്‍ കൈവശം വച്ചു, ഗൂഢാലോചന നടത്തി തുടങ്ങിയ കേസുകളാണ് ഡോണള്‍ഡ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ട്രംപിനെ കോടതി ജാമ്യത്തില്‍ വിട്ടിരുന്നു. 37 കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് മയാമി ഫെഡറല്‍ കോടതി പറഞ്ഞു. കുറ്റക്കാരനല്ലെന്ന് ട്രംപ് കോടതിയില്‍ ആവര്‍ത്തിച്ചു. മാരലഗോയിലെ വസതിയില്‍നിന്ന് കെട്ടുകണക്കിനു രേഖകളാണ് എഫ്ബിഐ കഴിഞ്ഞ വര്‍ഷം കണ്ടെടുത്തത്.

Top