അവ്‌നിയെന്ന കടുവയെ കൊന്നവര്‍ക്കെതിരെ നടപിടിയില്ല; ഹര്‍ജി പിന്‍വലിച്ചു

ന്യൂഡല്‍ഹി: പതിമൂന്ന് പേരെ കൊലപ്പെടുത്തിയ അവ്‌നിയെന്ന പെണ്‍കടുവയെ വെടിവെച്ചു കൊന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വന്യജീവി സംരക്ഷണ പ്രവര്‍ത്തക സംഗീത ഡ്രോഗ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു.കോടതി ഉത്തരവനുസരിച്ചാണ് നരഭോജിയായ കടുവയെ വെടിവെച്ചു കൊന്നതെന്ന കാര്യം സുപ്രീംകോടതി ആവര്‍ത്തിച്ച് പറയുകയും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിച്ചത്.

അവ്നി അഥവാ ടി-1 എന്നറിയപ്പെട്ടിരുന്ന കടുവ നരഭോജിയല്ലെന്ന് സംഗീത ഡോഗ്ര കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദിച്ചിരുന്നു. കടുവ നരഭോജിയാണെന്ന് സ്ഥാപിക്കാനുതകുന്ന തെളിവുകള്‍ കടുവയുടെ മൃതദേഹപരിശോധനയില്‍ കണ്ടെത്തിയിരുന്നില്ലെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഈ കാര്യത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താമെന്ന നിര്‍ദേശം സുപ്രീം കോടതി മുന്നോട്ടു വെക്കുകയും ചെയ്തു.

പോസ്റ്റ് മോര്‍ട്ടത്തിലൂടെ ഒരു മൃഗത്തെ നരഭോജിയാണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാനാവുമെന്ന് കഴിഞ്ഞ തവണ കേസില്‍ വാദം കേള്‍ക്കുമ്പോള്‍ ചീഫ് ജസ്റ്റിസ് ബോബ്ഡെ ചോദ്യം ഉന്നയിച്ചിരുന്നു. മനുഷ്യനെ തിന്നാല്‍ കടുവയുടെ വയറ്റില്‍ ആറ് മാസക്കാലം നഖവും മുടിയും ദഹിക്കാതെയുണ്ടാവുമെന്നും പരിശോധനയില്‍ അവ കണ്ടെത്തിയിരുന്നില്ലെന്നും ഹര്‍ജിക്കാരി വാദിച്ചിരുന്നു.

യവാത്മല്‍ ജില്ലയില്‍ 2018 നവംബറിലാണ് വനംവകുപ്പുദ്യോഗസ്ഥരും വേട്ടക്കാരനായ അസ്ഗര്‍ അലിയും അടങ്ങുന്ന എട്ടംഗസംഘം അവ്നിയെ കൊലപ്പെടുത്തിയത്. വേട്ടയ്ക്ക് ശേഷം സംസ്ഥാനസര്‍ക്കാര്‍ കടുവയെ വകവരുത്തിയവരെ ആദരിക്കാന്‍ ചടങ്ങ് സംഘടിപ്പിച്ചതായും പാരിതോഷികം നല്‍കിയതായും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

Top