സുരക്ഷാ പരിശോധനയുടെ പേരില്‍ കാണികളെ കയ്യേറ്റം ചെയ്തതായി പരാതി

കൊച്ചി: സുരക്ഷാപരിശോധനയുടെ പേരില്‍ കാണികള്‍ക്ക് പീഡനമെന്ന് പരാതി.

സ്റ്റേഡിയത്തിന്റെ സുരക്ഷാ ചുമതലയുള്ള പ്രൈവറ്റ് സ്ഥാപനത്തിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആരോപണം.

കഴിഞ്ഞ വര്‍ഷങ്ങളില്‍ പൊലീസിനായിരുന്നു സ്റ്റേഡിയത്തിന്റെ സുരക്ഷാ ചുമതല.

കാണികള്‍ക്കു തടസ്സമില്ലാതെ കളികാണാന്‍ സൗകര്യമുള്ള സ്റ്റേഡിയമാണ് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം. എന്നാല്‍ ഐഎസ്എല്‍ കളി കാണാന്‍ എത്തിയ ആരാധകര്‍ സ്റ്റേഡിയത്തെ കുറിച്ചുള്ള പലതരത്തിലുള്ള പരാതികളും ഉന്നയിക്കുന്നുണ്ട്.

ഐഎസ്എലില്‍ വളരെയധികം ആരാധക പിന്തുണയുള്ള ടീമുകളില്‍ ഒന്നാമതാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മാച്ചുകളില്‍ ആരവങ്ങള്‍ മുഴക്കി ഗ്യാലറിയില്‍ മഞ്ഞക്കടല്‍ തീര്‍ക്കുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ചിത്രം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

എന്നാല്‍ ഈ മഞ്ഞക്കടലിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ നിയന്ത്രണം വെയ്ക്കുന്നുവെന്നാണ് ആരാധകരുടെ പരാതി.

സ്വകാര്യ ഏജന്‍സിക്ക് സുരക്ഷാ പരിശോധനകളുടെ ചുമതല കൈമാറിയതോടെ അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ആരാധകരുടെ ആവേശം ഇല്ലാതാക്കുന്നുവെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ ചില കാണികളെ കയ്യേറ്റം ചെയ്തതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

ഇതിനു മുന്‍പ് സ്റ്റേഡിയത്തിലെ ക്രമീകരണങ്ങളെകുറിച്ചും തകര്‍ന്ന ഇരിപ്പിടങ്ങളെ കുറിച്ചും ആരാധകരുടെ പരാതികള്‍ ഉണ്ടായിരുന്നു.

Top