യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി പരാതി

ആലപ്പുഴ: വള്ളികുന്നത്ത് യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യ പ്രതികളെ രക്ഷപ്പെടാനും കേസ് അട്ടിമറിക്കാനും ശ്രമിക്കുവെന്ന് ആരോപണവുമായി ഡിസിസി പ്രസിഡന്റ് എം ലിജു. ജില്ലാ പൊലീസ് മേധാവി എസ്പി ജെയിംസ് ജോസഫിനെതിരെയാണ് രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

യൂത്ത് കോണ്‍ഗ്രസ് പ്രാദേശികനേതാവ് സുഹൈല്‍ ഹസനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നാലുപ്രതികള്‍ക്കും കഴിഞ്ഞദിവസം മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. പൊലീസിന്റെയും പ്രോസിക്യൂഷന്റെയും പിടിപ്പുകേടാണ് പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ കാരണം എന്നാണ് കോണ്‍ഗ്രസ് ആരോപണം. കേസില്‍ ഗൂഢാലോചന നടത്തിയ മുഖ്യ പ്രതികളെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജയിംസ് ജോസഫ് രക്ഷപെടുത്തുകയാണ് എന്ന് എം ലിജു ആരോപിച്ചു.

പെരിയ ഇരട്ട കൊലപാതകം കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരില്‍ പ്രധാനിയാണ് ജെയിംസ് ജോസഫ്. അതേരീതിയില്‍ സിപിഎംകാരായ പ്രതികളെ രക്ഷപ്പെടുത്തുകയായിരുന്നു എന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. കഴിഞ്ഞ മാസം കറ്റാനം മങ്ങാരത്ത് വെച്ചാണ് സുഹൈലിനെ മുഖംമൂടിയിട്ട സംഘം വെട്ടി പരിക്കേല്‍പ്പിച്ചത്.

Top