ലിങ്ക്ഡ്ഇന് ഒരു എതിരാളി, എക്‌സില്‍ തൊഴില്‍ അന്വേഷിക്കാനുള്ള ഫീച്ചറും

ക്‌സ് എന്ന സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമിനെ ഒരു ‘എവരിതിങ് ആപ്പ്’ ആക്കി മാറ്റുന്നതിനുള്ള ശ്രമത്തിലാണ് ഇലോണ്‍ മസ്‌ക്. നേരത്തെ ട്വിറ്റര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ പ്ലാറ്റ്‌ഫോമില്‍ മസ്‌ക് ഏറെ മാറ്റങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെ ചെറിയ കുറിപ്പുകള്‍ മാത്രം പങ്കുവെക്കാന്‍ സാധിച്ചിരുന്ന ഈ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമില്‍ ഇപ്പോള്‍ ദൈര്‍ഘ്യമേറിയ വീഡിയോകളും നീളമേറിയ ട്വീറ്റുകളും പങ്കുവെക്കാനാവും. പ്രീമിയം സബ്‌സ്‌ക്രിപ്ഷന് കീഴില്‍ കൂടുതല്‍ സൗകര്യങ്ങളും പ്രയോജനപ്പെടുത്താനാവും.

ഇപ്പോള്‍ എക്‌സില്‍ തൊഴിലന്വേഷണത്തിനുള്ള സൗകര്യം അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ഇതിന്റെ ഭാഗമായി പുതിയ ഫീച്ചര്‍ എക്‌സില്‍ അവതരിപ്പിച്ചു. ലിങ്ക്ഡ്ഇന്‍ എന്ന പ്രൊഫഷണല്‍ നെറ്റ് വര്‍ക്ക് വെബ്‌സൈറ്റുമായുള്ള മത്സരത്തിനാണ് ഇത് വഴിയൊരുക്കുക.

വെബ് ഡെവലറായ നിവ ഔജിയാണ് എക്‌സിലെ പുതിയ ഫീച്ചര്‍ പരിചയപ്പെടുത്തിയത്. പുതിയ ഫീച്ചര്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് തൊഴില്‍ അന്വേഷിക്കാനാവും. തങ്ങളുടെ അനുഭവ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ സെര്‍ച്ച് റിസല്‍ട്ട് ഫില്‍ട്ടര്‍ ചെയ്യാം. പ്രത്യേകം കമ്പനികളില്‍ നിന്നുള്ള തൊഴിലവസരങ്ങളും തിരയാനാവും. ഈ സൗകര്യങ്ങള്‍ ലിങ്ക്ഡ്ഇനില്‍ ലഭ്യമാണ്. എക്‌സ് ക്രിയേറ്ററായ ഡോജ് ഡിസൈറും പിന്നീട് ഇലോണ്‍ മസ്‌കും ഈ പോസ്റ്റ് പങ്കുവെച്ചു.

10 ലക്ഷം കമ്പനികള്‍ എക്‌സില്‍ ഉദ്യോഗാര്‍ഥികളെ തേടുന്നുണ്ടെന്ന് കഴിഞ്ഞ മാസം എക്‌സ് വെളിപ്പെടുത്തിയിരുന്നു. ഇതിനകം പത്ത് ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. വിവിധ മേഖലകളില്‍ നിന്നുള്ള കമ്പനികള്‍ എക്‌സില്‍ ഉദ്യോഗാര്‍ഥികളെ തേടുന്നുണ്ട്.

തൊഴിലന്വേഷണത്തിനുള്ള സൗകര്യത്തിന് പുറമെ ഒട്ടേറെ മറ്റ് ഫീച്ചറുകളും മസ്‌ക് എക്‌സില്‍ അവതരിപ്പിച്ചിട്ടുണ്ട്. വീഡിയോ ഓഡിയോ കോള്‍ സൗകര്യമാണ് അതിലൊന്ന്. നിലവില്‍ പ്രീമിയം വരിക്കാര്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക.

Top