ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; രാംനാഥ് കോവിന്ദ് ദ്രൗപതി മുര്‍മുവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സുതാര്യത ഉറപ്പാക്കാനും വികസനത്തിനും ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്തുന്നതിലൂടെ സാധിക്കുമെന്നും 2029ല്‍ ഇത് പ്രാവര്‍ത്തികമാക്കാമെന്നും രാംനാഥ് കോവിന്ദ് കമ്മിറ്റി ശുപാര്‍ശ ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനാണ് രാഷ്ട്രപതി ഭവനിലെത്തിയ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. എട്ട് വാല്യങ്ങളുള്ള റിപ്പോര്‍ട്ടില്‍ 18,626 പേജുകളാണുള്ളത്. ലോക്സഭ, നിയമസഭകള്‍, മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരേസമയം നടത്തുന്നതിനുള്ള ശുപാര്‍ശകളാണ് സമിതി പരിശോധിച്ചത്.

തെരഞ്ഞെടുപ്പുകള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായി പൊതുവായ ഇലക്ടറല്‍ റോളും വോട്ടര്‍ ഐഡിയും നല്‍കണമെന്ന് സമിതി ശുപാര്‍ശ ചെയ്തു. ആദ്യഘട്ടത്തില്‍ ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തും. രണ്ടാം ഘട്ടത്തില്‍ 100 ദിവസത്തിനുള്ളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നടത്താം. തൂക്കുസഭ വരികയോ, അവിശ്വാസ പ്രമേയം പാസാവുകയോ ചെയ്താല്‍, ശേഷിക്കുന്ന അഞ്ച് വര്‍ഷത്തേക്ക് പുതിയ തെരഞ്ഞെടുപ്പ് നടത്താമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.2024-ലെ തിരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വരുന്ന ലോക്‌സഭയുടെ കാലാവധി കഴിയുമ്പോള്‍ ലോക്‌സഭ, നിയസഭാ തെരഞ്ഞെടുപ്പുകള്‍ നടത്താനാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ശുപാര്‍ശ പ്രകാരം ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വരുന്ന നിയമസഭകളുടെ കാലാവധി 2029 വരെയേ ഉണ്ടാകൂ.

ജര്‍മ്മനിയില്‍ തുടര്‍ന്നുവരുന്ന സര്‍ക്കാരിനെക്കുറിച്ച് വ്യക്തത വന്നതിനുശേഷം മാത്രമേ അവിശ്വാസ പ്രമേയത്തിലൂടെ നിലവിലുള്ള സര്‍ക്കാരിനെ നീക്കം ചെയ്യാന്‍ സാധിക്കു. എന്നാല്‍ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയുടെ തത്വങ്ങളെ തകിടം മറിക്കുന്ന ഈ ജര്‍മ്മന്‍ മോഡല്‍ അവിശ്വാസ പ്രമേയം സമിതി തള്ളി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കാന്‍ ഭരണഘടനാ ഭേദഗതികള്‍ വരുത്തേണ്ടതുണ്ട്. ഇതിന്റെ നിയമവശങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വിശദമായി പറയുന്നുണ്ട്. തെരഞ്ഞെടുപ്പുകള്‍ ഏകീകരിക്കുന്നതുവഴി സര്‍ക്കാരിന് സാമ്പത്തിക ലാഭമുണ്ടാക്കും. കൂടാതെ ജനങ്ങളെ തെരഞ്ഞെടുപ്പിലേക്ക് ആകര്‍ഷിക്കാനും സാധിക്കുമെന്നും സമിതി വിലയിരുത്തി.

സമിതി അംഗങ്ങളായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ മുന്‍ അധ്യക്ഷന്‍ എന്‍.കെ. സിങ്, മുന്‍ ലോക്സഭാ ജനറല്‍ സെക്രട്ടറി സുബാഷ് കശ്യപ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവരടങ്ങിയ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Top