14,000 ശാസ്ത്രജ്ഞർ ഒറ്റക്കെട്ടായി നൽകിയിരിക്കുന്നത് വൻ മുന്നറിയിപ്പ്

ഭൂമിയില്‍ മനുഷ്യര്‍ ഇനി എത്ര നാള്‍? ഈ പുതിയ കാലത്തും ഏറെ പ്രസക്തമായ ചോദ്യമാണിത്. പ്രകൃതിയെ അമ്മയോട് ഉപമിച്ച് മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി രചിച്ച ‘ഭൂമിക്കൊരു ചരമ ഗീതം’ എന്ന കവിതയിലെ വരികള്‍ക്കും അപ്പുറമാണ് ഭൂമി ഇന്നു നേരിടുന്ന വെല്ലുവിളികള്‍. മനുഷ്യരുള്‍പ്പെടെ സകല ജീവജാലങ്ങളുടെയും നിലനില്‍പ്പ് തന്നെ അപകടകരമായ അവസ്ഥയിലെത്തി കഴിഞ്ഞു. അതു കൊണ്ട് തന്നെയാണ് ഇനി എത്ര നാള്‍ എന്ന ചോദ്യത്തിനു മുന്നില്‍ ഗവേഷകര്‍ പോലും ഇപ്പോള്‍ പകച്ചു നില്‍ക്കുന്നത്. ഒ എന്‍ വി ചൂണ്ടിക്കാട്ടിയതു പോലെ മക്കളാല്‍ അപമാനിക്കപ്പെട്ട അമ്മ മാത്രമല്ല ഇന്ന് ഭൂമി. മക്കളാല്‍ ഇഞ്ചിഞ്ചായി കൊല്ലപ്പെടുന്ന അവസ്ഥയിലാണ് ഭൂമി ഇപ്പോഴുള്ളത്. അപ്രതീക്ഷിതമായി എപ്പോള്‍ വേണമെങ്കിലും അന്ത്യം സംഭവിക്കാം എന്നതാണ് അവസ്ഥ.

ഭൂമിയോടൊപ്പം സര്‍വജീവജാലങ്ങളും അതോടെ ചാമ്പലാകും. ഇതെല്ലാം മുന്‍ കൂട്ടി കണ്ടു തന്നെയാണ് നാല് പതിറ്റാണ്ട് മുന്‍പ് ഒഎന്‍വി ‘ഭൂമിക്കൊരു ചരമഗീതം’ എഴുതിയിരിക്കുന്നത്. സര്‍വ്വതും വെട്ടിപ്പിടിക്കാന്‍ ഓടുന്ന മനുഷ്യരുടെ ആര്‍ത്തിക്ക് മുന്നില്‍ ലോകത്തെ ഭരണകൂടങ്ങളും നിസഹായരാണ്. ഭൂമിയുടെ നിലനില്‍പ്പിനേക്കാള്‍ അവരും പ്രാധാന്യം കൊടുക്കുന്നത് സ്വന്തം നിലനില്‍പ്പിനു തന്നെയാണ്. ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാന്‍ പറ്റൂ എന്ന യാഥാര്‍ത്ഥ്യമാണ് ഇവിടെ ഭരണകൂടങ്ങളും സൗകര്യപൂര്‍വ്വം മറന്നിരിക്കുന്നത്. വരും തലമുറയോട് ചെയ്യുന്ന കൊടിയ വഞ്ചന കൂടിയാണിത്. ഈ പശ്ചാത്തലത്തിലാണ് ലോകത്തെ ഞെട്ടിക്കുന്ന പഠനവുമായി 14,000 ശാസ്ത്രജ്ഞര്‍ ഒറ്റക്കെട്ടായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ”ഇനിയും കാത്തിരിക്കാന്‍ സമയമില്ലന്നും’ ഭൂമി നാശത്തിന്റെ മുനമ്പിലാണെന്നുമാണ് അവര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലോകരാജ്യങ്ങള്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ ലോകം നശിക്കും’ എന്നും ശാസ്ത്രജ്ഞര്‍ തുറന്നടിച്ചിട്ടുണ്ട്.

2019ല്‍ 153 രാജ്യങ്ങളിലെ 11000ശാസ്ത്രജ്ഞര്‍ ഒത്തുചേര്‍ന്ന് പ്രഖ്യാപിച്ചിരുന്നത് കാലാവസ്ഥാ അടിയന്തിരാവസ്ഥ ആയിരുന്നു. അതിനു തുടര്‍ച്ചയായാണ് അന്ന് ആ ഇടപെടലിന് നേതൃത്വം നല്‍കിയ ഓറിഗാണ്‍ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞനായ വില്യം ജെ റിപ്പിള്‍, ക്രിസ്റ്റഫര്‍ വോള്‍ഫ് എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ ശാസ്ത്രജ്ഞര്‍ ഒത്തുചേര്‍ന്ന് അതീവഗുരുതരമായ സാഹചര്യം വീണ്ടും ഇപ്പോള്‍ ലോകത്തെ അറിയിച്ചിരിക്കുന്നത്. 2019ല്‍ മുന്നറിയിപ്പ് നല്‍കിയ മേഖലകളില്‍ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് പരിശോധിക്കുന്ന റിപ്പോര്‍ട്ടും അടുത്തയിടെ പുറത്തിറക്കിയ ബയോ സയന്‍സ് ജേണലില്‍ അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മിക്ക മേഖലകളിലും അവസ്ഥ കൂടുതല്‍ ഭീകരമായതായി, ഈ പഠനം വ്യക്തമാക്കുന്നുണ്ട്. അടിക്കടി സംഭവിക്കുന്ന മിന്നല്‍ പ്രളയവും ഉഷ്ണതരംഗങ്ങളും വരള്‍ച്ചയും എല്ലാം ഉയര്‍ന്നു വരുന്ന കാലാവസ്ഥാപ്രതിസന്ധിയുടെ ഗുരുതരമായ സൂചനകള്‍ മാത്രമാണെന്നാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്.

ഭൂമിയെ അമിതമായി ചൂഷണം ചെയ്യുന്നതാണ് ഇതിന്റെ പ്രധാന കാരണമെന്നുംഅത് തടയുന്നതില്‍ ഭരണകൂടങ്ങള്‍ നിരന്തരം പരാജയപ്പെട്ടുവെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമെ ഭൂമി ഇനിയെത്രകാലം ഇതുപോലെ തുടരുമെന്ന് തീരുമാനിക്കുന്ന 31 ലക്ഷണങ്ങളും ശാസ്ത്രജ്ഞര്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. അവയില്‍ 18 എണ്ണവും ശരാശരിയേക്കാള്‍ വളരെ ഉയര്‍ന്നതോ താഴ്ന്നതോ ആണെന്നതാണ് കണ്ടെത്തല്‍. ഹരിതഗൃഹ വാതക ഉദ്വമനം, ഹിമാനിയുടെ കനം, കടല്‍ഹിമത്തിന്റെ വ്യാപ്തി, വനനശീകരണം എന്നിവയുടെ തോതുകള്‍, ശാസ്ത്രജ്ഞര്‍ സമഗ്രമായാണ് വിലയിരുത്തിയിരിക്കുന്നത്. ശാസ്ത്രസമൂഹം മുന്നോട്ടുവെക്കുന്ന പ്രധാന ഉദാഹരണങ്ങള്‍ ഇവയൊക്കെയാണ് . . .

കൊവിഡ് മഹാമാരിയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളാല്‍ ലോകമെങ്ങും മലിനീകരണത്തിന്റെ അളവ് കുറഞ്ഞെങ്കിലും അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെയും മീഥെയ്‌നിന്റെയും അളവ് 2021 ല്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ് എത്തിയിരിക്കുന്നത്. ഗ്രീന്‍ലാന്‍ഡിലും അന്റാര്‍ട്ടിക്കയിലും ഹിമത്തിന്റെ അളവും വലിയ രീതിയില്‍ കുറഞ്ഞിട്ടുണ്ട്. 15 വര്‍ഷം മുമ്പ് ഉണ്ടായതിനേക്കാള്‍ 31 ശതമാനം വേഗത്തിലാണ് ഹിമാനികള്‍ ഉരുകി കൊണ്ടിരിക്കുന്നത്.2019 മുതല്‍, സമുദ്രം ചൂടുപിടിക്കുന്നതും ആഗോള സമുദ്രനിരപ്പുയരുന്നതും റെക്കോര്‍ഡ് വേഗത്തിലാണെന്നും ഈ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ബ്രസീലിലെ ആമസോണ്‍ മഴക്കാടുകള്‍ ഇല്ലാതാകുന്നതിന്റെ തോത് 2020 ല്‍ 12 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴുള്ളത്.

പ്രകൃതിയില്‍ കണ്ടു വരുന്ന ഈ മാറ്റങ്ങളെല്ലാം തന്നെ ഏറെ വിനാശകരമാണ്. അത് മനുഷ്യന്റെ ഉപജീവനമാര്‍ഗ്ഗത്തിന് മാത്രമല്ല ജീവനുവരെ ഭീഷണിയുമാണ്. ഇതിന് പരിഹാരമായി ചില കാര്യങ്ങള്‍ അടിയന്തിരമായി നടപ്പാക്കാന്‍ ശാസ്ത്രജ്ഞര്‍ ലോകമെങ്ങൂമുള്ള ഭരണകൂടങ്ങളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതില്‍ പ്രധാനം ഫോസില്‍ ഇന്ധനങ്ങള്‍ ഇല്ലാതാക്കുക എന്നതും മലിനീകരണം കുറയ്ക്കുകയുമാണ്. പരിസ്ഥിതി വ്യവസ്ഥകള്‍ പുനഃ സ്ഥാപിക്കുവാനും സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണരീതികളിലേക്ക് മാറുവാനും ജനസംഖ്യ സ്ഥിരപ്പെടുത്തുവാനുമാണ് മറ്റു നിര്‍ദ്ദേശങ്ങള്‍.ഈ വിഷയത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനായി കാലാവസ്ഥാ വ്യതിയാനം ആഗോളതലത്തില്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ താമസിയാതെ ഭൂമി വാസയോഗ്യമല്ലാതാകുമെന്ന കാര്യത്തില്‍ ശാസ്ത്ര ലോകത്തിന് ഏക അഭിപ്രായമാണുള്ളത്.

ശാസ്ത്രജ്ഞര്‍ 2019 ല്‍ നല്‍കിയ മുന്നറിയിപ്പിന് പിന്നാലെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം, കാട്ടുതീ, ചുഴലിക്കാറ്റുകള്‍ പോലുള്ള ദുരന്തങ്ങളും ക്രമാതീതമായി വര്‍ദ്ധിച്ചിരുന്നത്. ഇനിയും ഈ മുന്നറിയിപ്പുകള്‍ അവഗണിക്കാനാണ് ഭരണകൂടങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ അത് ‘ഭൂമിക്കൊരു ചരമഗീതം’ അവര്‍ തന്നെ പാടുന്നതിന് തുല്യമായിരിക്കും. ഭൂമി ഉണ്ടെങ്കിലേ മനുഷ്യരും ഭരണകൂടങ്ങളും എല്ലാം ഉണ്ടാകുകയൊള്ളൂ എന്നതാണ് എല്ലാവരും ഓര്‍ക്കേണ്ടത്. ഭൂമിയെ കൊലപ്പെടുത്തുന്നവര്‍ ബഹിരാകാശത്തല്ല ഏത് ആകാശത്ത് കൂട് കൂട്ടാന്‍ ശ്രമിച്ചാലും അതും എത്ര നാളേയ്ക്ക് എന്നതും പ്രസക്തമായ കാര്യം തന്നെയാണ്. ആദ്യം മാറേണ്ടത് മനുഷ്യരുടെയും അവരെ നയിക്കുന്ന ഭരണകൂടങ്ങളുടെയും സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളാണ്. ഇക്കാര്യത്തില്‍ അമേരിക്കക്കും റഷ്യക്കും ചൈനക്കും ഇന്ത്യക്കും മാത്രമല്ല. എല്ലാ രാജ്യങ്ങള്‍ക്കും തുല്യ ഉത്തരവാദിത്വമാണ് ഉള്ളത്. എങ്കില്‍ മാത്രമേ എവിടെയാണെങ്കിലും മാനവരാശിക്ക് നിലനില്‍പ്പ് ഉണ്ടാവുകയൊള്ളൂ. അതു തന്നെയാണ് പച്ചയായ യാഥാര്‍ത്ഥ്യവും.

Top