ബിജെപി നേതാവ് രചിച്ച ക്രിസ്തുമസ് ഗാനം ശ്രദ്ധ നേടുന്നു; ഏറ്റെടുത്ത് കെസിബിസി

കൊച്ചി: ബിജെപി നേതാവ് സി ജി രാജഗോപാല്‍ രചിച്ച ക്രിസ്തുമസ് ഗാനം ശ്രദ്ധ നേടുന്നു. ബിജെപി നേതാക്കള്‍ ക്രൈസ്തവ സഭകളുമായി അടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബിജെപി നേതാവിന്റെ ക്രിസ്തുമസ് ഗാനം സഭ ഏറ്റെടുത്തിരിക്കുന്നത്. കെസിബിസി ഔദ്യോഗിക പേജില്‍ ഈ ഗാനം അപ് ലോഡ് ചെയ്തിട്ടുണ്ട്. രാഷ്ട്രരക്ഷാ ശിബിരത്തില്‍ പങ്കെടുക്കാന്‍ രാജ്‌കോട്ടിലേക്ക് യാത്ര ചെയ്യുമ്പോഴാണ് ഈ ക്രിസ്മസ് ഗാനത്തിന്റെ വരികള്‍ സി ജി രാജഗോപാല്‍ എന്ന മുത്തു ഫോണില്‍ കുറിച്ചത്.

വാട്‌സ് ആപ്പിലൂടെ ഈ വരികള്‍ ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പിന് അയച്ചു. പിന്നീട് അതൊരു ക്രിസ്മസ് കൂട്ടായ്മയുടെ ഗാനമായി മാറി. സ്‌നേഹസ്വരൂപന്‍ എന്ന വീഡിയോ ആല്‍ബം അങ്ങനെ പിറവിയെടുത്തു. സംഗീത സംവിധാനം നിര്‍വഹിച്ചത് സുജിത് കുര്യനാണ്. ചാവറ കള്‍ച്ചറല്‍ സെന്റര്‍ സ്റ്റുഡിയോയിലായിരുന്നു റെക്കോര്‍ഡിംഗ്. കെസിബിസി മീഡിയ കമ്മീഷനും ചാവറ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്ന് ജോണ്‍ പോളിനായി ഈ ഗീതം സമര്‍പ്പിച്ചു. കെസിബിസിയുടെ ഔദ്യോഗിക പേജില്‍ ഈ ഗാനമുണ്ട്.

Top