കോഴിക്കോട് നിപ വൈറസ് ബാധിച്ചെന്ന് സംശയിക്കുന്ന കുട്ടി മരിച്ചു

nipah 1

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധിച്ചെന്ന് സംശയിക്കുന്ന പന്ത്രണ്ട് വയസുകാരന്‍ മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മസ്തിഷ്‌കജ്വരവും ഛര്‍ദിയും ബാധിച്ചാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മാസം ഒന്നാം തിയ്യതിയായിരുന്നു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഛര്‍ദിയും മസ്തിഷ്‌കജ്വരവും ബാധിച്ച സംഭവങ്ങളുണ്ടായാല്‍ നിപ പരിശോധന നടത്തണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് കുട്ടിയുടെ ശ്രവം പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. സ്രവ പരിശോധനയുടെ ആദ്യ സാംപിള്‍ ഫലം പുണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് സംസ്ഥാന ആരോഗ്യവകുപ്പിനു കൈമാറിയെന്നാണു സൂചന. രണ്ടു സാംപിളുകളുടെ പരിശോധനാഫലം കൂടി വരാനുണ്ട്. പ്രത്യേക മെഡിക്കല്‍ സംഘവും കേന്ദ്രസംഘവും കോഴിക്കോട്ട് എത്തുമെന്നാണു റിപ്പോര്‍ട്ട്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട്ടേക്ക് തിരിച്ചു.

കുട്ടിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. കൂടുതല്‍ പേരെ ഐസലേഷനിലേക്ക് മാറ്റേണ്ടി വരുമെന്നാണ് സൂചന. അടിയന്തര സാഹചര്യം നേരിടാന്‍ രാവിലെ 10നു കോഴിക്കോട് ഗെസ്റ്റ് ഹൗസിലും ഉച്ചയ്ക്ക് 12ന് കലക്ടറേറ്റിലും ആരോഗ്യ വകുപ്പ് യോഗം ചേരും. കണ്‍ട്രോള്‍ റൂം തുറക്കും. ഉച്ചയ്ക്ക് 12ന് നടക്കുന്ന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് പങ്കെടുക്കും.

Top